ത്രിപുര ബിജെപി ഭരിക്കും

Wednesday 24 January 2018 2:45 am IST
കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ച് 23 വര്‍ഷം പാഴാക്കി. 55 എംഎല്‍എമാര്‍ എനിക്കൊപ്പമായിരുന്നു. ഇതവഗണിച്ച് 15 പേരുടെ പിന്തുണ മാത്രമുണ്ടായിരുന്ന ഗോഗോയിക്കൊപ്പമായിരുന്നു സോണിയ. രാജിവെച്ചപ്പോള്‍ സോണിയ നിര്‍ദ്ദേശിച്ചതനുസരിച്ച് ദല്‍ഹിയിലെത്തി രാഹുലുമായി സംസാരിച്ചു. എന്തിനാണ് രാജിയെന്ന ചോദ്യത്തിന് അനീതി കാട്ടിയെന്ന് ഞാന്‍ പറഞ്ഞു. അതിനെന്താ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അമ്മയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ എനിക്കെങ്ങനെ ധൈര്യം ലഭിച്ചെന്നും, ഇതിന് പിന്നില്‍ ആരെന്നുമായിരുന്നു രാഹുലിന് അറിയേണ്ടിയിരുന്നത്. തന്റെ കുടുംബത്തിന്റെ വാക്കാണ് പാര്‍ട്ടിയില്‍ അവസാനമെന്ന് മനസിലാക്കാനും എന്നെ ഉപദേശിച്ചു.

വിഘടനവാദം, ഇന്ത്യാ വിരുദ്ധത തുടങ്ങിയ വാക്കുകള്‍ക്കൊപ്പമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വാര്‍ത്തയായിരുന്നത്. രാഷ്ട്രീയ ലക്ഷ്യം മാത്രമുണ്ടായിരുന്ന ഭരണകൂടങ്ങളെ ഇതത്ര അലോസരപ്പെടുത്തിയുമില്ല. ബിജെപിക്ക് അപ്രാപ്യമെന്ന് നിരീക്ഷകര്‍ വിധിയെഴുതിയ ഇടത്ത് ഇന്ന് അപ്രഖ്യാപിത അതിര്‍ത്തികള്‍ ഭേദിച്ച് ദേശീയതാ രാഷ്ട്രീയം മുന്നേറുകയാണ്. വംശീയതയുടെ നിലവിളികളോ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളോ അല്ല, വികസനത്തിന്റെയും ഭാവി പ്രതീക്ഷകളുടെയും വര്‍ത്തമാനങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. 

അസമും മണിപ്പൂരും അരുണാചലും ബിജെപി ഭരണത്തിലാണ്. നാഗാലാന്റിലും സിക്കിമിലും എന്‍ഡിഎ ഭരണം. മോദിക്കാലത്തെ ഈ മാറ്റത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിനാണ് ഡോ.ഹിമന്ത ബിശ്വ ശര്‍മ്മ. വടക്കുകിഴക്കന്‍ മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങള്‍ അടുത്തറിയുന്ന അസം ധനമന്ത്രി കൂടിയായ ഹിമന്തയാണ് ബിജെപിയുടെ കരുത്ത്. 2015ലാണ് കോണ്‍ഗ്രസ്സില്‍നിന്ന് രാജിവച്ച് അദ്ദേഹം ബിജെപിയില്‍ ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അഗര്‍ത്തലയിലെത്തിയ അദ്ദേഹം ജന്മഭൂമിയുമായി സംസാരിക്കുന്നു. ത്രിപുരയുടെ തെരഞ്ഞെടുപ്പ് ചുമതലയും ഹിമന്തക്കാണ്. 

? സംസ്ഥാനത്ത് ശക്തമായ അടിത്തറയുള്ള പാര്‍ട്ടിയാണ് സിപിഎം. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എത്രത്തോളം പ്രതീക്ഷയുണ്ട്.

ത്രിപുര സിപിഎം മുക്തമാക്കും. ബിജെപി ഭരിക്കും. സിപിഎമ്മിന് സംഘടനാ സംവിധാനമുണ്ടെന്നത് മറക്കുന്നില്ല. പക്ഷെ ആരാണ് അതിന് നേതൃത്വം നല്‍കുന്നത്. കൊലപാതകികളും അക്രമികളും സ്ത്രീപീഡകരും. ഭീതിവിതച്ച് കുറച്ചുകാലം കൊണ്ടുനടക്കാം. ദീര്‍ഘകാലത്തേക്ക് പറ്റില്ല. സിപിഎമ്മിന് ഇത്തവണ തിരിച്ചടിയേല്‍ക്കുന്നത് ഇവര്‍ കാരണമായിരിക്കും. ജനങ്ങള്‍ പിഴുതെറിയാന്‍ തയ്യാറെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് കപടമുഖമാണ്. ഇരുപത് വര്‍ഷം ഭരിച്ചിട്ടും അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഒരു കോളേജ് പോലുമില്ല. പിന്നെന്ത് വികസനമാണ് സിപിഎം പറയുന്നത്. വനവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെടുന്നു. സര്‍ക്കാര്‍ ഇതിലൊന്നും ഇടപെടുന്നില്ല. ദേശീയ മാധ്യമങ്ങള്‍ അവഗണിക്കുന്നതിനാലാണ് ഇത് ചര്‍ച്ചയാവാത്തത്. 

? കേരളത്തിലും ത്രിപുരയിലുമാണ് ഇടത് ഭരണമുള്ളത്. രാഷ്ട്രീയ കൊലപാതകങ്ങളും..

കേരളത്തിലെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. ത്രിപുരയിലെ സിപിഎം ഭീകരതയുടെ യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോഴും സമൂഹത്തിലെത്തിയിട്ടില്ല. ഒരു വര്‍ഷത്തിനിടെ ഏഴ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. എവിടെ കമ്യൂണിസത്തിന് സ്വാധീനമുണ്ടോ അവിടെയൊക്കെ അക്രമമുണ്ടാകുമെന്നാണ് മനസിലാക്കേണ്ടത്. 

? വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ മാറ്റത്തിന്റെ കാരണമെന്താണ്

 പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരിന്റെ വികസന നയവും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതിലൂടെ, ദല്‍ഹി തങ്ങളെ അവഗണിക്കുന്നുവെന്ന വികാരം ഇല്ലാതാക്കാന്‍ മോദിക്ക് സാധിച്ചു. ദേശീയപാത, റെയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാണ്. വിഘടനവാദം ഏതാണ്ട് ഇല്ലാതായി. സംസ്ഥാനങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ മോദിക്ക് സാധിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവനും ബിജെപിയും സഖ്യകക്ഷികളും ഭരിക്കും. 

? കോണ്‍ഗ്രസ് കാലത്തെക്കുറിച്ച്

 കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ച് 23 വര്‍ഷം പാഴാക്കി. 55 എംഎല്‍എമാര്‍ എനിക്കൊപ്പമായിരുന്നു. ഇതവഗണിച്ച് 15 പേരുടെ പിന്തുണ മാത്രമുണ്ടായിരുന്ന ഗോഗോയിക്കൊപ്പമായിരുന്നു സോണിയ. രാജിവച്ചപ്പോള്‍ സോണിയ നിര്‍ദ്ദേശിച്ചതനുസരിച്ച് ദല്‍ഹിയിലെത്തി രാഹുലുമായി സംസാരിച്ചു. എന്തിനാണ് രാജിയെന്ന ചോദ്യത്തിന് അനീതി കാട്ടിയെന്ന് ഞാന്‍ പറഞ്ഞു. അതിനെന്താ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അമ്മയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ എനിക്കെങ്ങനെ ധൈര്യം ലഭിച്ചെന്നും, ഇതിന് പിന്നില്‍ ആരെന്നുമായിരുന്നു രാഹുലിന് അറിയേണ്ടിയിരുന്നത്. തന്റെ കുടുംബത്തിന്റെ വാക്കാണ് പാര്‍ട്ടിയില്‍ അവസാനമെന്ന് മനസിലാക്കാനും എന്നെ ഉപദേശിച്ചു. ബിജെപിയില്‍ ചേരാന്‍ തയ്യാറായപ്പോള്‍ അഹമ്മദ് പട്ടേല്‍ വഴി രാഹുല്‍ ബന്ധപ്പെട്ടെങ്കിലും ഞാന്‍ അവഗണിച്ചു. 

? കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുലിനോട് എന്താണ് പറയാനുള്ളത്

അസം മുഖ്യമന്ത്രിയായിരുന്ന ഗോഗോയിയുടെ അമേരിക്കയില്‍ പഠിക്കുന്ന മകന്‍ ഒരുദിവസം പറന്നിറങ്ങി രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന് പ്രഖ്യാപിക്കുന്നു. ഉടന്‍ എംപിയാക്കുന്നു. നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തില്‍ വരുന്നതില്‍ തെറ്റില്ല. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചാകണം വളരേണ്ടത്. പാരച്യൂട്ടില്‍ കെട്ടിയിറക്കുന്ന കുടുംബ രാഷ്ട്രീയമാണ് കോണ്‍ഗ്രസ്സിനെ തളര്‍ത്തിയത്. കേന്ദ്രത്തിലായാലും ജനാധിപത്യത്തിലൂന്നിയ, വംശാധിപത്യത്തില്‍നിന്നും മുക്തമായ നേതൃത്വമാണ് ആവശ്യം. 

നാളെ: ബിജെപിക്കാരനാണോ? പള്ളിയില്‍ കയറേണ്ടെന്ന് സിപിഎം ഫത്വ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.