കോണ്‍ഗ്രസ്- ഇടത് വൈരുദ്ധ്യാത്മക ബന്ധം

Wednesday 24 January 2018 2:30 am IST
കോണ്‍ഗ്രസിനെ കൂടെകൂട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ സിപിഎമ്മിന് നല്ല മോഹമുണ്ട്. പശ്ചിമബംഗാളിലും ത്രിപുരയിലും ഇനി പ്രതീക്ഷ പുലര്‍ത്തിയിട്ട് കാര്യമില്ലെന്നും കേരളത്തില്‍ ഒരുപക്ഷേ പാര്‍ട്ടിക്ക് സ്വാധീനമുള്ള ഏറ്റവും അവസാനത്തെ ഭരണമാണിതെന്നുമുള്ള തിരിച്ചറിവ് സിപിഎമ്മിന് ഉണ്ടെന്ന് വേണം കരുതാന്‍!

1964-ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത് ഇന്ത്യന്‍ നഷണല്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്റെ പേരിലുമായിരുന്നു. അന്ന് പാര്‍ട്ടി ചെയര്‍മാനായ എസ്.എ. ഡാങ്കെയും കൂട്ടരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോട് അതിമൃദുസമീപനം സ്വീകരിക്കുകയാണെന്നും പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ കെട്ടിയിരിക്കുകയാണെന്നും മറ്റും ആരോപിച്ചുകൊണ്ടാണ് എകെജി, ഇഎംഎസ് തുടങ്ങി വി.എസ്. അച്യുതാനന്ദന്‍ വരെയുള്ള മുപ്പതിലേറെ നേതാക്കള്‍ പാര്‍ട്ടിയുടെ സമുന്നത യോഗത്തില്‍നിന്ന് കേട്ടുകേള്‍വിയില്ലാത്തവിധം ഇറങ്ങിപ്പോക്ക് നടത്തിയത്.

സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലായെങ്കിലും, എകെജിയുടെയും മറ്റും അസാധാരണ സംഘടനാ ശേഷിയിലൂടെ പുതിയൊരു പാര്‍ട്ടി ജന്മമെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) അതായത് സിപിഐ(എം). പിന്നീട് സിപിഎം എന്ന് അറിയപ്പെടാന്‍ തുടങ്ങി.

ഇറങ്ങിപ്പോകാതെ ഡാങ്കെയുടെ നേതൃത്വം അംഗീകരിച്ച് പാര്‍ട്ടിയില്‍ ഉറച്ചുനിന്നവര്‍ സിപിഐ ആയി   തുടര്‍ന്നു. പിന്നീട്, സിപിഐയെ കോണ്‍ഗ്രസിന്റെ  ബിടീമായാണ് സിപിഎം വിശേഷിപ്പിച്ചു പോന്നത്. രാജ്യത്ത് അടിയന്തരാവസ്ഥയുടെ നാളുകളില്‍   സിപിഐ കൂട്ടായി കോണ്‍ഗ്രസിനൊപ്പം അധികാരത്തിലുണ്ടായിരുന്നു. സിപിഎമ്മിന്റെ ഭാഗത്തുനിന്ന് അന്നൊക്കെ ഉയര്‍ന്നുകേട്ട മുദ്രാവാക്യങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ''അച്ചുതമേനോന്‍ കമ്യൂണിസ്റ്റാണോ? അല്ലേയല്ല, കമ്യൂണിസ്റ്റല്ല. എംഎനും തൊമ്മനും കമ്യൂണിസ്റ്റാണോ? അല്ലേയല്ല, കമ്യൂണിസ്റ്റല്ല. ആരുണ്ടിവിടെ കമ്യൂണിസ്റ്റ്? ഇഎംഎസ്, എകെജി, സുന്ദരയ്യ സിന്ദാബാദ്.

ഇതിനുപുറമെ മുദ്രാവാക്യങ്ങള്‍ വേറെ പലതും ഉയര്‍ന്നുകേട്ടു. വലതരോടായി (സിപിഐക്കാരോട്) പിന്നെയും കല്‍പ്പനകള്‍ പുറപ്പെട്ടു. ''വെയ്ക്കട വലതാ ചെങ്കൊടു താഴെ, പിടിയെട വലതാ മൂവര്‍ണക്കൊടി'' അങ്ങനെ പോകുന്നു ശാസനകള്‍. അവരോട് എത്രയും വേഗം പോപോ കോണ്‍ഗ്രസിലെന്ന് നിര്‍ദ്ദേശവും.

കാലം പിന്നെയും മുന്നോട്ടുപോയി. അധികാരം കൈയ്ക്കലാക്കാനും, നിലനിര്‍ത്താനും സിപിഐയുടെ സഹായം ഒഴിച്ചുകൂടാത്തതായി വന്നു. നില്‍ക്കക്കള്ളിയില്ലാതെ ''എന്തായാലും അവരും കമ്യൂണിസ്റ്റാണല്ലൊ'' എന്ന മുടന്തന്‍ ന്യായം നീട്ടി അവരെയും ഒപ്പം കൂട്ടാന്‍ നിര്‍ബന്ധിതരായി. അങ്ങനെ 'ഇടതുപക്ഷ ചിന്താഗതി'ക്കാര്‍ എന്ന വിശാല ഐക്യത്തിന്റെ അംഗങ്ങളായി മനസ്സില്ലാമനസ്സോടെ അവരിന്നും സിപിഎമ്മിനൊപ്പം കഴിയുന്നു.

ശരിയ്ക്കും സീനിയോറിറ്റിയും തറവാട്ട് മഹിമയും സിപിഐയ്ക്കാണെങ്കിലും ആള്‍ബലം അല്‍പം സിപിഎമ്മിനാണെന്ന ഒറ്റക്കാരണത്താല്‍ സിപിഐയ്ക്ക് മറ്റവരുടെ ആശ്രിതരോ, അകമ്പടിക്കാരോ ശിങ്കിടികളോ ആയി കഴിയാനാണ് വിധി.

ഇതിനിടെ സി. അച്ചുതമേനോനാണ് സിപിഎമ്മിനെ വരച്ച വരയില്‍ നിര്‍ത്തി, പൂട്ടിട്ടു പിടിച്ചത്. അദ്ദേഹം കോണ്‍ഗ്രസിന്റെയും കരുണാകരന്റെയും സഹായസഹകരണത്തോടെ കേരളത്തില്‍ സിപിഎമ്മിന്റെ സഹായമില്ലാതെ അവരെ എതിര്‍പക്ഷത്ത് നിര്‍ത്തി മുഖ്യമന്ത്രിയായി. ''ജോലി ചെയ്തില്ലെങ്കില്‍ കൂലിയുമില്ല'' എന്ന ഡൈസ്‌നോണ്‍ നടപ്പിലാക്കി ഉദ്യോഗസ്ഥരെയും അദ്ധ്യാപകരെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും അമ്പരപ്പിച്ചു. അടിയന്തരാവസ്ഥയുടെ തണലില്‍ ആറ് വര്‍ഷത്തോളം കേരളനാട് ഭരിച്ചു.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ, ജനസേവനത്തിന്റെ പടവുകള്‍ ഓരോന്നും കടന്ന് നേതൃസ്ഥാനത്തെത്തിയ അച്ചുതമേനോന് പാര്‍ട്ടി പിളര്‍പ്പിനുശേഷം തട്ടിക്കൂട്ടിയുണ്ടാക്കിയ സിപിഎം പാര്‍ട്ടിയുടെ  പുത്തന്‍ നേതാക്കളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ പണിപ്പെടേണ്ടിവന്നില്ലെന്നതാണ് നേര്.

ഇണങ്ങിയും പിണങ്ങിയും ശത്രുപക്ഷത്തും മിത്രപക്ഷത്തും മാറി മാറി ഇരുപാര്‍ട്ടികളും കേരളത്തില്‍ ഇന്നും നിലകൊള്ളുന്നത് 'ഇടതുപക്ഷചിന്താഗതി'യുടെ ലേബലിലാണ്. കേരളത്തില്‍ പൊതുവേ സിപിഐയെ അപേക്ഷിച്ച് സിപിഎമ്മിന് ജനപിന്തുണ കൂടുതലാണെന്നത് വസ്തുതയാണെങ്കിലും ചില പ്രദേശങ്ങളില്‍ സിപിഐ മേന്മ കാണിക്കുന്നുവെന്ന കാര്യം അനിഷേധ്യം തന്നെ! സംശയമില്ല.

പക്ഷേ അടിയന്തരാവസ്ഥയെ ഉളുപ്പില്ലാതെ പിന്തുണയ്ക്കുകയും അന്ന് കേന്ദ്രഭരണത്തിലടക്കം പങ്കുപറ്റുകയും ചെയ്ത സിപിഐയെ, കമ്യൂണിസത്തെക്കുറിച്ച് മനസ്സിലാക്കിയവര്‍ ഉള്‍ക്കൊള്ളാന്‍ മടിക്കുന്നു എന്നത് യാഥാര്‍ത്ഥ്യം മാത്രം.

''പെണ്ണിന് പെണ്ണിനെ കണ്ടുകൂടാത്തതുപോലെ സിപിഐയെ സിപിഎമ്മിന് ഇഷ്ടമല്ലെന്നത് വസ്തുത. പക്ഷേ ഭരണ സ്വാദറിയാന്‍ ആ അനിഷ്ടം ഇഷ്ടമാക്കി മാറ്റാന്‍ ഇരുവരും ഒരുപോലെ സന്ദര്‍ഭത്തിനൊത്ത് ശ്രമിക്കുന്നുവെന്നതാണ് സത്യം.

സിപിഐയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള ഏതുവിധത്തിലുള്ള സഖ്യത്തിനും സന്നദ്ധമായിരിക്കുമെന്ന് കഴിഞ്ഞ കാലങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല അവര്‍ തമ്മില്‍ പണ്ടുപണ്ടേ ഒരു ചേര്‍ച്ചയുമുണ്ട്. സിപിഎം അങ്ങനെയല്ല. കോണ്‍ഗ്രസിന്റെ പേരില്‍ ഒരിക്കല്‍ പിളര്‍പ്പ് നേരിട്ട്, പുറത്തായി, പുതുതായി കെട്ടിപ്പടുക്കപ്പെട്ട പ്രസ്ഥാനമാണത്. ജനങ്ങള്‍ അവരെ കണ്ണിലെണ്ണയൊഴിച്ച് ശ്രദ്ധിക്കും. തീര്‍ച്ച.

കോണ്‍ഗ്രസിനെ കൂടെകൂട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ സിപിഎമ്മിന് നല്ല മോഹമുണ്ട്. അതിനാണല്ലോ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കിണഞ്ഞ് ശ്രമിക്കുന്നത്. പക്ഷേ ഇന്നത്തെ നരേന്ദ്രമോദിയുടെ ജനപിന്തുണയിലും സ്വാധീനത്തിലും അതിന് സാധ്യത തീരെ ഇല്ല.

പശ്ചിമബംഗാളിലും ത്രിപുരയിലും ഇനി പ്രതീക്ഷ പുലര്‍ത്തിയിട്ട് കാര്യമില്ലെന്നും കേരളത്തില്‍ ഒരുപക്ഷേ പാര്‍ട്ടിക്ക് സ്വാധീനമുള്ള ഏറ്റവും അവസാനത്തെ ഭരണമാണിതെന്നുമുള്ള തിരിച്ചറിവ് സിപിഎമ്മിന് ഉണ്ടെന്ന് വേണം കരുതാന്‍.

അതുകൊണ്ടുതന്നെ കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ പോലെ ''പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ലെന്ന്'' സിപിഎമ്മിന് തോന്നിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് സിപിഐയെ കടുത്ത രീതിയില്‍ എതിര്‍ക്കേണ്ടെന്ന് അണികളോട് സംസ്ഥാന സെക്രട്ടറി കോടിയേരി നിര്‍ദ്ദേശിച്ചതും.

പ്രകാശ് കാരാട്ടും യെച്ചൂരിയും അണിയറയില്‍ ആയുധം ശേഖരിക്കുകയാണ്. കോണ്‍ഗ്രസിനെ എങ്ങനെ അപായമില്ലാതെ പോറലേല്‍ക്കാതെ, മെരുക്കിയെടുക്കാമെന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പണ്ടത്തെ പാര്‍ട്ടിയല്ല.  സമ്പന്നമായ നേതൃത്വമില്ലാതെ, വഴികാട്ടിയില്ലാതെ അലയുകയാണ് നിലനില്‍പ്പിനുവേണ്ടി. 'ഉപ്പാപ്പയ്ക്ക് ആനേണ്ടാര്‍ന്നു'' എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. നരേന്ദ്രമോദിക്ക് മുന്നില്‍നില്‍ക്കാന്‍ ആരുണ്ട് എന്ന ചോദ്യം അവരെ വല്ലാതെ അലട്ടുന്നു. ഹൗ വില്‍ സ്റ്റാന്‍ഡ് ബിഫോര്‍ മി വെന്‍ ഐ ട്രംപീറ്റ് എന്ന ആനയുടെ ചോദ്യം പോലെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.