ലൗ ഉണ്ട്, ജിഹാദില്ല!

Wednesday 24 January 2018 2:30 am IST
മലയാളികളായ ചിലര്‍ അന്യരാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൊല്ലപ്പെടുകയോ , ഭീകരപ്രവര്‍ത്തനമുള്ള രാജ്യങ്ങളില്‍ എത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. എന്നിട്ടും 'ലൗ ഉണ്ട്, ജിഹാദില്ല' എന്ന് റിപ്പോര്‍ട്ട് നല്‍കുന്നു

'ലൗ ഉണ്ട്, ജിഹാദില്ല' എന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതായ  വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍ ചില സംശയങ്ങള്‍ ബാക്കിയായി. 'ലൗ ജിഹാദ്' എന്ന പേരില്‍ അറിയപ്പെടുന്ന പ്രണയ/വിവാഹത്തോട് അനുബന്ധിച്ചു ഇസ്ലാമിലേക്ക് നടക്കുന്ന  മതംമാറ്റങ്ങളെ വെള്ളപൂശുന്നതിനു തുല്യമായി ആ റിപ്പോര്‍ട്ട് .   ആദ്യമേ തന്നെ, ലൗ അഥവാ പ്രണയം എന്നതിന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്താവുന്നതായ തെളിവോ നിര്‍വചനമോ ഇല്ലെന്നത് ഇവിടെ പ്രസക്തമായ കാര്യമാണ്. ഏതായാലും അതവിടെ നില്‍ക്കട്ടെ. 

ആസൂത്രിതവും സംഘടിതവുമായി ഇസ്ലാമിലേക്ക് അന്യമതസ്ഥരായ ചെറുപ്പക്കാരികള്‍ വിവാഹത്തോടൊപ്പം മതംമാറി ചേരുന്നതിന്റെ ചെല്ലപ്പേരായി ലൗ ജിഹാദിനെ കരുതാം. പേരില്‍ 'ലൗ' ഉണ്ടെങ്കിലും ആ മതംമാറ്റത്തില്‍ ലൗ ഉണ്ടോ, ഉണ്ടെങ്കില്‍ എത്രത്തോളും ഉണ്ട്, എത്ര കാലം നീണ്ടുനില്‍ക്കും മുതലായവയല്ല ലൗ ജിഹാദിനെ നിര്‍വചിക്കുന്നത്. പകരം  അത്തരം  മതംമാറ്റങ്ങള്‍ക്ക് പിന്നില്‍ ആസൂത്രണം (അതിനു മുന്നോടിയായി നടക്കുന്ന പ്ലാനിംഗ്), സംഘാടനം (അത് നടത്താന്‍ സ്ത്രീയും പുരുഷനും അവരുടെ കുടുംബങ്ങളും അല്ലാത്തവരുടെ ഇടപെടല്‍), പ്രലോഭനം (ഉദാ: സാമ്പത്തിക/സാമൂഹിക/മതപരമായവ) മുതലായ ഘടകങ്ങള്‍ ഉണ്ടോ എന്നതാണ്. മാറിച്ചേരുന്ന മതത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ ഇത്തരം മതംമാറ്റത്തെ സ്വാധീനിക്കുണ്ടോ എന്നതും പരിഗണിക്കേണ്ട വിഷയമാണ്.

ഇവയുടെ വെളിച്ചത്തില്‍ നമുക്ക് 'ലൗ ജിഹാദ് ഇല്ല' എന്ന റിപ്പോര്‍ട്ട്  ശരിയാണോ എന്ന് പരിശോധിക്കാം. അമുസ്ലിങ്ങളെ ഇസ്ലാമിലേക്ക് കൊണ്ടുവരുക എന്നത് ഇസ്ലാമിന്റെ (സെമിറ്റിക് മതങ്ങളുടെ പൊതുവായ ലക്ഷ്യം)  ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് സംശയമില്ലാതെ പറയാമല്ലോ. 'എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ നല്‍കുന്ന സാമ്പത്തികവും നിയമപരവും മതപരവുമായ പിന്തുണ വഴി നിരവധി പേര്‍ ഇസ്ലാം മതം സ്വീകരിക്കുന്നതായി ആഭ്യന്തരവകുപ്പിന്റെ രേഖകളില്‍ പറയുന്നു. ഒപ്പം അംഗീകാരമില്ലാത്ത  (ഉദാ:സത്യസരണി) സ്ഥലങ്ങളില്‍ ഇത്തരം മതംമാറ്റങ്ങള്‍ നടക്കുന്നതായും എഴുതിയിട്ടുണ്ട്. അതായത് ആസൂത്രണം, സംഘാടനം, പ്രലോഭനം എന്നിവ വ്യക്തം! 

96 % പേരും ഇസ്ലാമിലേക്ക് മാറുന്നത് ഇസ്ലാമിനോടുള്ള താല്‍പര്യം കൊണ്ടല്ല പ്രണയം, കുടുംബപ്രശ്‌നം, ദാരിദ്ര്യം, മാനസികപ്രശ്‌നം, സാമൂഹികപദവി, സമൂഹമാധ്യമങ്ങള്‍  മുതലായ പല കാരണങ്ങള്‍കൊണ്ടാണെന്നും പറയുന്നു. ഇവിടെയും പ്രലോഭനം, സംഘാടനം, ആസൂത്രണം എന്നിവ വ്യക്തം! ഇനി മാറുന്നവര്‍ ആരെന്നു നോക്കിയാല്‍ ഭൂരിഭാഗവും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്നവരും! 'ലൗ ജിഹാദ്'  വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നില്‍ നില്‍ക്കുന്നവരെ എന്തുകൊണ്ടോ ബാധിക്കുന്നില്ല. അതിശയം തന്നെ! അതോ അതിശയം ഇല്ല എന്ന് പറയണോ? മുസ്ലിം യുവതികള്‍ അന്യമതസ്ഥരായ പുരുഷന്മാരെ വിവാഹം ചെയ്യുമ്പോഴോ പ്രണയിക്കുമ്പോഴോ ആ സമുദായസംഘടനകളില്‍നിന്നുയരുന്ന എതിര്‍പ്പും ഭീഷണിയും ഇതോടൊപ്പം കൂട്ടിവായിക്കണം. 

ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമിലേക്കുള്ള അന്യമതസ്ഥരായ യുവതികളുടെ  മതംമാറ്റം എന്നത് ഇസ്ലാം മതത്തോടുള്ള ആകര്‍ഷണം കൊണ്ടല്ല, മറിച്ച് എളുപ്പത്തില്‍ ചൂഷണം ചെയ്യപ്പെടാവുന്നവരും പല ബുദ്ധിമുട്ടുകള്‍ കാരണം എളുപ്പത്തില്‍ വശംവദരായവരുമായ  യുവതികളെ ചില സംഘടനകള്‍ പ്രലോഭനങ്ങള്‍ ഉപയോഗിച്ച് സംഘടിതമായി മാറ്റുന്ന ഒരു പ്രക്രിയ ആണെന്നത്. ഇതൊന്നും പോരാഞ്ഞ് ഇങ്ങനെ മതം മാറിയവരില്‍ ചെറിയ ശതമാനമെങ്കിലും 'ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരാവുകയോ' അന്യരാജ്യങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൊല്ലപ്പെടുകയോ (ഉദാ: സിറിയ , അഫ്ഘാനിസ്ഥാന്‍) തീവ്രവാദപ്രവര്‍ത്തനമുള്ള രാജ്യങ്ങളില്‍ എത്തപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നത് പൊതുവില്‍ ലഭ്യമായ വിവരമാണ്.

എന്നിട്ടും 'ലൗ ഉണ്ട്, ജിഹാദില്ല' എന്ന് റിപ്പോര്‍ട്ട് നല്‍കുമ്പോള്‍  കാരണം രണ്ടിലൊന്നാവാനേ വഴിയുള്ളൂ. അറിവില്ലായ്മ, അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട്. ആദ്യത്തേത് പൊറുക്കാം; രണ്ടാമത്തെയാണെങ്കില്‍ ഭയക്കണം നാം!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.