പ്രേക്ഷകനും പാര്‍വതിയും സ്ത്രീപക്ഷ വാദങ്ങളും

Wednesday 24 January 2018 2:45 am IST

നടി പാര്‍വതിയുടെ കസബ എന്ന  ചിത്രത്തിലുള്ള സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള  പൊട്ടിത്തെറിയും അതിനെക്കുറിച്ച് നാനാ ഭാഗങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളും കാണാനിടയായ  മലയാള  സിനിമയുടെ  ഒരു  സാദാ  പ്രേക്ഷകന്‍  മാത്രമാണ് ഞാന്‍. 

പതിനഞ്ചു കൊല്ലത്തിനൊക്കെ മുന്‍പ് കേരളത്തിലെ സമൂഹം മാനസിക രോഗികളായി കണ്ടിരുന്നത്  ഷക്കീല പടത്തിനൊക്കെ ഇടിച്ചു കയറുന്ന മധ്യവയസ്‌കരെ ആയിരുന്നു (അത് ശരിയോ തെറ്റോ എന്നല്ല). എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ആ വിശേഷണത്തിന് അര്‍ഹരായി എനിക്ക് തോന്നുന്നത് സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന സന്ദേശം തിരയാന്‍ കയറുന്ന നവയുഗ ബുദ്ധിജീവികളെയാണ്. 

അത് അവിടെ നില്‍ക്കട്ടെ; നമുക്ക് കസബയിലേക്ക് വരാം. ആ ചിത്രം എനിക്കും ഇഷ്ടമായില്ല (കേരളത്തില്‍ ബഹുഭൂരിപക്ഷം ആള്‍ക്കാര്‍ക്കും ഇഷ്ടമായില്ല എന്ന് വിശ്വസിക്കുന്നു) അതിനു കാരണം ആ ചിത്രം സ്ത്രീ വിരുദ്ധം ആയതുകൊണ്ടല്ല, മറിച്ച് ഒരു മോശം ചിത്രം ആയതു കൊണ്ടാണ് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. 

ഏതു ഭാഷയില്‍ ഉള്ള സിനിമ എടുത്താലും രണ്ടു തരം സിനിമകളേ ഉള്ളു എന്ന് സാധാരണ പേക്ഷകനെന്ന  നിലയ്ക്ക് ഞാന്‍ വിശ്വസിക്കുന്നു. നല്ല സിനിമയും മോശം സിനിമയും. ഇതിനുള്ള നിര്‍വചനം ചോദിച്ചു വരുന്ന ബുദ്ധിജീവികളോട് ഉദാഹരണത്തിലൂടെ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കാം. ഈ കസബ പ്രശ്‌നത്തില്‍ പ്രതിക്കുട്ടില്‍ നിര്‍ത്തപ്പെടുന്ന നടന്‍ മമ്മൂട്ടിയുടെ ഇന്നത്തെ ബൗദ്ധിക മാനദണ്ഡങ്ങള്‍ വെച്ച് നോക്കിയാല്‍ ഏറ്റവും സ്ത്രീവിരുദ്ധമായ ചിത്രം ഏതാണ്? എന്റെ ഉത്തരം 1986-ല്‍ സംവിധായകന്‍ ഐ.വി. ശശി സംവിധാനം ചെയ്ത 'ആവനാഴി' എന്ന സിനിമയാണ്. 

എന്നാല്‍ ആ സിനിമയെ മലയാളത്തിലെ പ്രേക്ഷക സമൂഹം ഇഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണം അത് നല്ല സിനിമ ആകുന്നതു കൊണ്ടാണ് എന്നത് മാത്രമാണ് (കസബ ഒരു മോശം സിനിമ ആകുന്നത് പോലെ). സ്ത്രീ വിരുദ്ധത ആവശ്യത്തിന് ഉണ്ടായിട്ടും 'ദേവാസുരം' ഒരു വിജയ ചിത്രം ആകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല

ഇനി മറ്റൊരു കാര്യംകൂടി പാര്‍വതി മാധ്യമങ്ങളിലൂടെ പറയുകയുണ്ടായി. അതായത് സിനിമ സമൂഹത്തിനു നല്‍കുന്ന സന്ദേശം. പ്രിയ സുഹൃത്തേ സിനിമ സമൂഹത്തിനു ഒരു സന്ദേശവും നല്‍കുന്നില്ല, മറിച്ച് സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ എടുത്തുപയോഗിക്കുകയാണ് സിനിമ ചെയുന്നത്. ഒരു തലമുറയ്ക്കു മുന്‍പ് കഥാപാത്രങ്ങള്‍ ആണ്‍ പെണ്‍ ഭേദമില്ലാതെ മദ്യപിക്കുകയും മുഴുവന്‍ സമയവും അശ്ലീലം മാത്രം സംസാരിക്കുകയും ചെയ്യുന്ന ഒരു ചിത്രം പുറത്തിറങ്ങിയാല്‍ അതിനു എന്ത് സംഭവിക്കുമെന്ന് ബോധമുള്ളവര്‍ക്ക് എല്ലാം അറിയാം. 

എന്നാല്‍ ഇന്നത്തെ കാലത്തു അത്തരം ചിത്രങ്ങള്‍ പലതും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഓടുന്നത് അത് ഇന്നത്തെ മലയാളിയുടെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതുകൊണ്ടാണ്. അന്നത്തെ ഹിറ്റ് വിഷയമായിരുന്നു തൊഴിലില്ലായ്മയും ദാരിദ്ര്യവും. ഇന്നത്തെ മലയാള സിനിമയില്‍ മുഖ്യപ്രമേയമായി കാണിച്ചാല്‍ ജനം കൂവും എന്നതിന്റെയും കാരണം മറ്റൊന്നല്ല എന്ന് വിശ്വസിക്കുന്നു.

രാജു എന്‍.ആര്‍, ആനയറ, 

തിരുവനന്തപുരം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.