കോണ്‍ഗ്രസ് സഖ്യം: സിപിഎമ്മിനെ തള്ളി സിപിഐ

Wednesday 24 January 2018 2:50 am IST

തൃശൂര്‍: കോണ്‍ഗ്രസ് സഖ്യവിഷയത്തില്‍ സിപിഎം നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപിയാണ് മുഖ്യശത്രു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞടുപ്പുകളില്‍ ഒരുമിച്ച് നിന്നവര്‍ക്ക് പാര്‍ലമെന്റ്- നിയമസഭ തെരഞ്ഞെടുപ്പിലും ഒരുമിച്ച് നില്‍ക്കാം. മുഖ്യശത്രുവിനെ നിര്‍ണ്ണയിക്കുന്നതില്‍ പരാജയപ്പെട്ടപ്പോഴൊക്കെ ഇടതുപക്ഷത്തിന് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. 

ബിജെപി ഒഴികെ എല്ലാവരുമായും സഖ്യമാകാമെന്നതാണ് സിപിഐ നിലപാടെന്ന് കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെ കാനം വ്യക്തമാക്കി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കാരാട്ട് ലൈനിന് കടകവിരുദ്ധമാണ് കാനത്തിന്റെ നിലപാട്. സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം. 

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് കാനം  നടത്തിയത്. മതനിരപേക്ഷതയുടെ മൊത്തവ്യാപാരം ഒരുപാര്‍ട്ടി സ്വയം ഏറ്റെടുക്കേണ്ടതില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നത് കൊണ്ടല്ല, ഒരു രാഷ്ട്രീയവുമില്ലാത്ത ജനകോടികള്‍ താത്പര്യപ്പെടുന്നതുകൊണ്ടാണ് ഇന്ത്യയില്‍ മതേതരത്വം പുലരുന്നത്. 

രാജ്യത്ത് ഇടതുപക്ഷ ഐക്യം ദുര്‍ബ്ബലമായി. ഐക്യത്തിനായെടുത്ത തീരുമാനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായില്ല. ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, എസ്‌യുസിഐ പോലുള്ള പാര്‍ട്ടികള്‍ വിട്ടുപോയത് പരിശോധിക്കണമെന്നും കാനം പറഞ്ഞു. 

കേരളത്തില്‍ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള എല്ലാ നീക്കവുമായി സഹകരിക്കും. എന്നാല്‍, സിപിഐയെ ദുര്‍ബലപ്പെടുത്തിയിട്ട് ഇടതുപക്ഷ മുന്നണിയെ ശക്തമാക്കാമെന്ന് ആരും കരുതേണ്ടെന്നും കാനം തുറന്നടിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.