അളവില്‍ കൃത്രിമം: 5 പെട്രോള്‍; പമ്പുകള്‍ക്കെതിരെ നടപടി

Wednesday 24 January 2018 2:50 am IST

കൊച്ചി: പെട്രോള്‍ പമ്പുകളില്‍ നിന്ന് നല്‍കുന്ന ഇന്ധനത്തിന്റെ അളവില്‍ കൃത്രിമം കണ്ടെത്തി. മധ്യകേരളത്തിലെ അഞ്ചുപമ്പുകളിലെ പത്ത് നോസിലുകള്‍ ലീഗല്‍ മെട്രോളജി വകുപ്പ് പൂട്ടി. എറണാകുളത്ത് നാലും പാലക്കാട് അഞ്ചും തൃശൂരില്‍ ഒരു നോസിലുമാണ് പൂട്ടിയത്.

പത്ത്‌ലിറ്റര്‍ ഇന്ധനത്തില്‍ 80 മില്ലി ലിറ്റര്‍ മുതല്‍ 140 മില്ലി ലിറ്റര്‍ വരെ കുറവ് കണ്ടെത്തി. 

വിവിധ ജില്ലകളിലായി ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്ത് ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോഴാണ് 140 മില്ലി ലിറ്റര്‍ വരെ കുറവ് കണ്ടെത്തിയത്. എന്നാല്‍ വിലയില്‍ വ്യത്യാസം വരുത്താറില്ല. അളവ്, കൃത്യമാക്കി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ പൂട്ടിയ നോസിലുകള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് അധികൃതര്‍ പറഞ്ഞു. 

മഹാരാഷ്ട്ര മാതൃകയില്‍ പമ്പുകളില്‍ ചിപ്പ് ഉപയോഗിച്ച് കൃത്രിമം നടത്തുന്നുണ്ടോയെന്നും പരിശോധിച്ചു. ദിവസവും രാവിലെ നോസിലുകള്‍ പരിശോധിച്ച് അളവ് കൃത്യമാക്കണമെന്നാണ് ചട്ടം. എന്നാല്‍ മിക്ക പമ്പുകളും ഇത് നടത്താറില്ലെന്ന് കണ്ടെത്തി. 

ലൂബ്രിക്കന്റ് ഓയിലുകള്‍ക്ക് എംആര്‍പിയേക്കാള്‍ കൂടിയ വില ഈടാക്കിയ നാലു പമ്പുകള്‍ക്കെതിരെയും കേസെടുത്തു. രാത്രികാലങ്ങളില്‍ പമ്പുകള്‍ അളവില്‍ കൃത്രിമം കാണിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളില്‍ പരിശോധന. 

തിങ്കളാഴ്ച രാത്രി ഒമ്പതിന് ആരംഭിച്ച പരിശോധന ചൊവ്വാഴ്ച രാവിലെ അഞ്ചുവരെ നീണ്ടു. ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആര്‍. റാംമോഹന്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ ബി. എസ്. ജയകുമാര്‍,  അനൂപ് വി. ഉമേഷ്, സേവ്യര്‍ പി. ഇഗ്‌നേഷ്യസ്, ഇ. ടി. അനില്‍കുമാര്‍, ജെ. സി. ജീസണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.