ദേശീയ പതാക ഉയര്‍ത്തല്‍: സര്‍ക്കുലര്‍ വെറും പൊയ്‌വെടി

Wednesday 24 January 2018 2:30 am IST

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തലവന്മാരും വിദ്യാലയങ്ങളില്‍ പ്രധാനാധ്യാപകരുമേ റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്താവൂ എന്ന സംസ്ഥാന സര്‍ക്കാര്‍ പൊതു ഭരണവകുപ്പ് ഉത്തരവ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ പൊയ്‌വെടി.

ആര്‍എസ്എസിനെ എതിര്‍ക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തുന്ന പാഴ്ശ്രമമാണിത്. പൊതു ഭരണവകുപ്പിന്റെ 2018 ജനുവരി 17ലെ ഉത്തരവ് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പതാക ഉയര്‍ത്താന്‍ നിശ്ചയിച്ചിട്ടുള്ള കല്ലേക്കാട് വ്യാസവിദ്യാപീഠത്തിന് ഒരു തരത്തിലും ബാധകമല്ല. മാത്രമല്ല, ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജി പോയാല്‍ കോടതി ഉത്തരവ് റദ്ദ് ചെയ്യാനും സാധ്യതയേറെ. 

 സ്വാതന്ത്ര്യ ദിനത്തില്‍ സര്‍സംഘചാലക് പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തി. പതാക ഉയര്‍ത്തുമെന്നറിഞ്ഞ് പിണറായി സര്‍ക്കാര്‍ സ്വാതന്ത്ര്യദിനത്തലേന്ന് അര്‍ദ്ധരാത്രി അത് വിലക്കി ഉത്തരവിറക്കി. 

എങ്കിലും പതാക ഉയര്‍ത്തിയതിന്റെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ നടപടി നേരിട്ടു. സര്‍ക്കാര്‍ സഹായം കിട്ടുന്ന എയ്ഡഡ് സ്‌കൂളായതിനാലാണ് നടപടി സാധ്യമായത്. എന്നാല്‍ കല്ലേക്കാട് വ്യാസവിദ്യാപീഠം സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌കൂളുകളിലൊന്നാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഒരു സഹായവും പറ്റാതെയാണ് നടക്കുന്നത്. കേന്ദ്ര സിലബസാണ്, കേന്ദ്ര സര്‍വീസ് ചട്ടങ്ങളാണ്. 

അഫിലിയേഷനും സംസ്ഥാന സര്‍ക്കാരിനോടല്ല. ഈ സാഹചര്യത്തില്‍ മനുഷ്യാവകാശ ലംഘനം പോലുള്ള പൊതു നിയമങ്ങളും വിദ്യാഭ്യാസ ചട്ടങ്ങളുമല്ലാതെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ സ്‌കൂളിന് ബാധകമല്ല.

ഏറ്റവും പ്രത്യേകത സംസ്ഥാന സര്‍ക്കാരോ വിദ്യാഭ്യാസ ഡയറക്ടറോ പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ കോപ്പി പോലും കല്ലേക്കാട് സ്‌കൂളിന് അയയ്ക്കാറില്ല എന്നതാണ്. 

അപ്പോള്‍ ഈ ഉത്തരവിറക്കിയിരിക്കുന്നത് തെറ്റിദ്ധാരണ പരത്താനും ആര്‍എസ്എസിനെ ചെറുക്കാന്‍ നടപടിയെടുക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുമാണെന്ന് വ്യക്തം. സര്‍ക്കാര്‍ സംവിധാനങ്ങളെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചട്ടുകമാക്കാനുള്ള ശ്രമവും കൂടിയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.