അന്താരാഷ്ട്ര അണക്കെട്ട്: സുരക്ഷാ സമ്മേളനം തുടങ്ങി

Wednesday 24 January 2018 2:30 am IST

തിരുവനന്തപുരം: അന്താരാഷ്ട്ര അണക്കെട്ട് സുരക്ഷാ സമ്മേളനം കോവളത്ത് ആരംഭിച്ചു. കേന്ദ്ര ജലവിഭവ സഹമന്ത്രി അര്‍ജുന്‍ റാംമേഘ്‌വാള്‍ ഉദ്ഘാടനം ചെയ്തു.

ജലസുരക്ഷയ്ക്ക് അണക്കെട്ടുകള്‍ അത്യന്താപേക്ഷിതമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.  ജലം സംരക്ഷിക്കാന്‍ കൂടുതല്‍ അണക്കെട്ടുകള്‍ വേണം. എന്നാല്‍ അണക്കെട്ടുകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. അണക്കെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അന്തര്‍ദേശീയ പരിശീലനം ലഭ്യമാക്കണം. ആയിരം വര്‍ഷം പഴക്കമുള്ള ഡാമുകള്‍ ഇന്ത്യയിലുണ്ട്. 447 പുതിയ അണക്കെട്ടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റു രാജ്യങ്ങളിലെ വിജയകരമായ മാതൃകകള്‍ ഇന്ത്യ ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. 

പരിസ്ഥിതി പ്രശ്നംകാരണം പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിന് കേരളത്തില്‍ എതിര്‍പ്പുണ്ടെന്നും അതിനാല്‍ നിലവിലെ അണക്കെട്ടുകള്‍ ശക്തിപ്പെടുത്തി സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്നും അധ്യക്ഷത വഹിച്ച വൈദ്യുതി മന്ത്രി എം. എം. മണി പറഞ്ഞു. ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ എസ്. മസൂദ് ഹുസൈന്‍, കെഎസ്ഇബി മാനേജിങ്ങ് ഡയറക്ടര്‍ ഡോ. കെ. ഇളങ്കോവന്‍, ലോകബാങ്ക് ലീഡ് ഡാം സ്പെഷ്യലിസ്റ്റ് സറ്റോരു ഇദ, വലിയ അണക്കെട്ടുകളുടെ അന്താരാഷ്ട്ര കമ്മീഷനായ ഐകോള്‍ഡിന്റെ പ്രസിഡന്റ് പ്രൊഫ. ഡോ. ആന്റണ്‍ ജെ. ഷ്യെല്‍സ്, ആസ്ട്രേലിയന്‍ വാട്ടര്‍ പാര്‍ട്ണര്‍ഷിപ്പ് സിഇഒ ഡോ. നിക്കോളാസ് ഷൊഫീല്‍ഡ്, കേന്ദ്ര ജലമന്ത്രാലയം ജോ. സെക്രട്ടറി സഞ്ജയ് കുണ്‍ഡ് എന്നിവര്‍ സംസാരിച്ചു. 

അണക്കെട്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഡ്രിപ്പ് വികസിപ്പിച്ചെടുത്ത ഏഴ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങുന്ന മാനുവല്‍ കേന്ദ്ര മന്ത്രി പ്രകാശനം ചെയ്തു. 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ 550 ഓളം പേര്‍ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.