ലൈംഗികാരോപണം: ബിഷപ്പിനെ ന്യായീകരിച്ചതിന് മാപ്പുപറഞ്ഞ് മാര്‍പാപ്പ

Wednesday 24 January 2018 2:50 am IST

സാന്റിയാഗോ: ലൈംഗികാരോപണത്തില്‍പ്പെട്ട ബിഷപ്പിനെ ന്യായീകരിച്ച്  കഴിഞ്ഞയാഴ്ച ചിലിയില്‍വച്ച് നടത്തിയ പ്രസ്താവനയില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ മാപ്പുപറഞ്ഞു. തന്റെ വാക്കുകള്‍ പലര്‍ക്കും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിലും ചിലിയന്‍ ബിഷപ്പ് ജൂവാന്‍ ബറോസ് നിരപരാധിയാണെന്നാണ് വിശ്വസിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. റോമിലേയ്ക്ക് മടങ്ങുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിഷപ്പിനെതിരെ ചിലര്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു കഴിഞ്ഞയാഴ്ച മാര്‍പ്പാപ്പ പറഞ്ഞത്. എന്നാല്‍ മാര്‍പാപ്പയുടെ ഈ പ്രസ്താവനയെ ബോസ്റ്റണിലെ കര്‍ദ്ദിനാള്‍ സിയാന്‍ ഒ-മാലി പരസ്യമായി വിമര്‍ശിച്ചിരുന്നു. കുറ്റവാളിയായ പുരോഹിതനെ മാര്‍പാപ്പ രക്ഷിക്കുന്നുവെന്ന വികാരം ഇത് ഉളവാക്കിയതായും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ബിഷപ്പ് കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തെളിവിന്റെ ഒരംശം പോലുമില്ല. ഉണ്ടെങ്കില്‍ നല്‍കുവാനും മാര്‍പാപ്പ ചിലിയിലെ പത്രപ്രവര്‍ത്തകരെ വെല്ലുവിളിക്കുകയും ചെയ്തു. എല്ലാം ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്തുവാനായിട്ടുള്ള ആരോപണങ്ങളാണെന്നും മാര്‍പാപ്പ പറഞ്ഞു. 

അതേസമയം മാര്‍പാപ്പ മാപ്പു പറഞ്ഞെങ്കിലും ഇതൊന്നും ചിലിയിലെ പ്രതിഷേധക്കാരെ ശാന്തരാക്കിയിട്ടില്ല. സംസാരമല്ല ബിഷപ്പിനെതിരെ നടപടിയാണാവശ്യമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. മാപ്പല്ല, ബിഷപ്പ് രാജിവെക്കുകയാണ് വേണ്ടതെന്ന് ഇടവകക്കാരുടെ വക്താവ് ജുവാന്‍ കാര്‍ലോസ് ക്ലാരറ്റ് പറഞ്ഞു. ബിഷപ്പിന്റെ രാജിയാവശ്യത്തെ രണ്ട് തവണ മാര്‍പാപ്പ തള്ളിക്കളഞ്ഞു. ഇതുകാണിക്കുന്നത് ബിഷപ്പ് കുറ്റക്കാരനാണെന്ന് മാര്‍പാപ്പയ്ക്ക് ബോധ്യമുണ്ടെന്നാണെന്നും ഇവര്‍ പറഞ്ഞു. ഇപ്പോഴത്തെ ഈ ദുരിതാവസ്ഥയ്ക്ക് മാര്‍പാപ്പയ്ക്കും ഉത്തരവാദിത്വമുണ്ടെന്നും, തങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ബിഷപ്പിനെതിരെ വ്യാപകപ്രതിഷേധമാണ് പൊതുജനങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.