നിലനില്‍പ്പിനുള്ള അവസാന വഴിയും കാരാട്ട് അടച്ചു: സോമനാഥ് ചാറ്റര്‍ജി

Wednesday 24 January 2018 2:50 am IST

കൊല്‍ക്കത്ത: സിപിഎമ്മിന്റെ നിലനില്‍പ്പിനുള്ള അവസാന വഴിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അടച്ചെന്ന് പാര്‍ട്ടി മുന്‍ നേതാവും ലോക്‌സഭാ മുന്‍ സ്പീക്കറുമായ സോമനാഥ് ചാറ്റര്‍ജി. രണ്ടാമത്തെ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചപ്പോള്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ സോമനാഥ് ചാറ്റര്‍ജി ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. 

കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ പ്രകാശ് കാരാട്ട് നേടിയ വിജയം ഒരര്‍ഥത്തില്‍ നരേന്ദ്ര മോദിയുടെ വിജയമാണെന്ന് ചാറ്റര്‍ജി അഭിപ്രായപ്പെട്ടു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ മുന്നണി ഉയരാനുള്ള സാധ്യതയാണ് കാരാട്ട് നശിപ്പിച്ചത്. 

കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ വേണ്ടെന്ന കാരാട്ടിന്റെ രാഷ്ട്രീയ രേഖയ്ക്കാണ് കഴിഞ്ഞ ദിവസം കേന്ദ്രകമ്മിറ്റിയില്‍ അംഗീകാരം കിട്ടിയത്. യെച്ചൂരി അവതരിപ്പിച്ച രേഖ വോട്ടിനിട്ടു തള്ളുകയായിരുന്നു. വോട്ടിങ്ങിനു ശേഷം യെച്ചൂരി രാജിവെച്ചിരുന്നെങ്കില്‍ പാര്‍ട്ടി പിളരുമായിരുന്നു. ഇരുപക്ഷത്തേയും ഒന്നിച്ചു നിര്‍ത്താന്‍ യെച്ചൂരി പരമാവധി ശ്രമിച്ചു. എന്നാല്‍ എല്ലാറ്റിനും പിരിധിയുണ്ട്. 

കാരാട്ട് ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പാര്‍ട്ടി നമാവശേഷമാകുന്നതിന്റെ വക്കത്തെത്തിയതാണെന്നും ചാറ്റര്‍ജി കുറ്റപ്പെടുത്തി. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാകാന്‍ അനുവദിക്കാതിരുന്നപ്പോഴും യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോഴും കാരാട്ടിന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. 

ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും എതിര്‍ക്കേണ്ട ഘട്ടത്തില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ട എന്ന തീരുമാനത്തെക്കുറിച്ച് പാര്‍ട്ടി അംഗങ്ങള്‍ ആലോചിക്കണം. ബിജെപിയെ പ്രതിരോധിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പം ചേരേണ്ടതായിരുന്നു. ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ സിപിഎമ്മിനാവില്ല. ഇപ്പോള്‍ത്തന്നെ പാര്‍ലമെന്റിലെ പാര്‍ട്ടി പ്രാതിനിധ്യം കുറവാണ്. ഇപ്പോഴെടുത്ത തീരുമാനവുമായി മുന്നോട്ടു പോയാല്‍ ഇതില്‍ ഇനിയും ഇടിവുണ്ടാവുമെന്നും ചാറ്റര്‍ജി പറഞ്ഞു. 

ജനപിന്തുണ നഷ്ടപ്പെടുമ്പോഴും പാര്‍ട്ടിയില്‍ ആധിപത്യം നേടാന്‍ കഴിഞ്ഞു എന്ന് മുന്‍ ജനറല്‍ സെക്രട്ടറിക്ക് അഭിമാനിക്കാം എന്ന് കാരാട്ടിനെ പരിഹസിച്ച് ചാറ്റര്‍ജി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.