ഡിആര്‍ഡിഒയുമായി ധാരണ: യുദ്ധക്കപ്പല്‍ കയറ്റുമതിക്ക് കൊച്ചി കപ്പല്‍ശാല

Wednesday 24 January 2018 2:30 am IST

മട്ടാഞ്ചേരി: യുദ്ധക്കപ്പലുകള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാന്‍ പ്രതിരോധ ഗവേഷണ വികസന കേന്ദ്രവും (ഡിആര്‍ഡിഒ)മായി കൊച്ചി കപ്പല്‍ശാല ധാരണാ പത്രത്തില്‍ ഒപ്പിട്ടു. പ്രതിരോധ കപ്പല്‍ നിര്‍മാണത്തിലും കയറ്റുമതിയിലും പരസ്പര പങ്കാളിത്തം ഉറപ്പാക്കിയുള്ളതാണ് ധാരണ. കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന യുദ്ധക്കപ്പലുകള്‍ ഇനി വിവിധ രാജ്യങ്ങള്‍ക്ക് വില്‍ക്കും.

ഡിആര്‍ഡിഒ വികസിപ്പിച്ചെടുക്കുന്ന ആയുധ നിരീക്ഷണ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കപ്പല്‍ നിര്‍മിക്കുക. നിലവില്‍ വാണിജ്യ- യാത്രാക്കപ്പലുകള്‍ മാത്രമാണ് വിദേശത്തേക്ക് നിര്‍മിച്ച് അയയ്ക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് പ്രതിരോധ കപ്പലുകളും നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നത്. ഓഹരി വില്‍പ്പനയിലൂടെയുണ്ടായ വികസന മുന്നേറ്റം കണക്കിലെടുത്താണ് പുതിയ ചുവടുവെയ്പ്പ്.

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പങ്കെടുത്ത പ്രതിരോധ വ്യവസായ വികസന യോഗത്തിലാണ് ഡിആര്‍ഡിഒ അധികൃതരുമായി കൊച്ചി ഷിപ്പ്‌യാര്‍ഡ് കപ്പല്‍ കയറ്റുമതി ചര്‍ച്ചകള്‍ നടത്തിയത്. എംഡി മധു എസ്. നായരാണ് കൊച്ചി കപ്പല്‍ശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. 

ഇന്ത്യന്‍ നാവികസേനയ്ക്കായുള്ള വിമാനവാഹിനി കപ്പല്‍ നിര്‍മാണത്തിലാണ് കൊച്ചി കപ്പല്‍ശാല ഇപ്പോള്‍. 2020ല്‍ കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യം. കൂടാതെ ഇന്ത്യന്‍ നാവികസേനയ്ക്കായി ആധുനിക കപ്പല്‍ നിര്‍മാണത്തിനുള്ള തയ്യാറെടുപ്പുകളും നടന്നുവരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.