പെരിന്തല്‍മണ്ണ ഹര്‍ത്താലില്‍ വ്യാപക അക്രമം

Tuesday 23 January 2018 10:07 pm IST

മലപ്പുറം: പെരിന്തല്‍മണ്ണ താലൂക്കില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. മാധ്യമപ്രവര്‍ത്തകരെയും ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു. സമരക്കാര്‍ ദീര്‍ഘദൂര യാത്രക്കാരെപ്പോലും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. കോഴിക്കോട്-പാലക്കാട് ബസ്സുകള്‍ പെരിന്തല്‍മണ്ണ നഗരം ഒഴിവാക്കി മലപ്പുറം ആനക്കയം പന്തല്ലൂര്‍ പാണ്ടിക്കാട് മേലാറ്റൂര്‍ വഴിയാണ് സര്‍വ്വീസ് നടത്തിയത്. തിരക്കേറിയ അങ്ങാടിപ്പുറം ജംഗ്ഷനില്‍ നൂറിലധികം യുഡിഎഫ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയാണ് വാഹനങ്ങള്‍ തടഞ്ഞത്.

രാമപുരത്ത് രാവിലെ റോഡില്‍ ടയര്‍ കൂട്ടിയിട്ടിച്ച് കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. മങ്കട, കുറുവ, പഴമവള്ളൂര്‍ എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. അങ്ങാടിപ്പുറത്ത് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ സി.വി.മുഹമ്മദ് നൗഫലിനെയും ക്യാമറമാന്‍ പി.വി.സന്ദീപിനെയും ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു. മക്കരപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തടഞ്ഞിട്ടു. പലയിടങ്ങളിലും പോലീസ് സാന്നിധ്യം കുറവായിരുന്നു.

പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക് കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന എംഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷം പിന്നീട് പുറത്തേക്ക് വ്യാപിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലം മുസ്ലിംലീഗ് ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.