മകളുടെ വിവാഹം വിശദീകരണവുമായി സിപിഎം എംപി

Tuesday 23 January 2018 10:19 pm IST

കൊച്ചി: സിപിഎം എംപി പി. കരുണാകരന്റെ മകള്‍ ദിയയുടെ വിവാഹം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പടര്‍ന്നു കത്തുന്ന വിവാദത്തിനെതിരെ ഫേസ് ബുക്ക് പോസ്റ്റുമായി എംപി. ഏഷ്യാനെറ്റ് അടക്കം ഇത് വാര്‍ത്തയാക്കിയത് സങ്കുചിതമായിപ്പോയി. എംപി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. മര്‍സദ് സുഹൈലിനെയാണ് ദിയ വിവാഹം കഴിക്കുന്നത്.

 പോസ്റ്റില്‍ നിന്ന്: 

 എന്റെ മകള്‍ ദിയ കരുണാകരന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും, സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ നടത്തിയ കമന്റുകളും തീര്‍ത്തും അനുചിതമെന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു.

 വിവാഹം പ്രതിശ്രുത വരന്‍ മര്‍സ്സദ് സുഹൈലിന്റെയും, ഞങ്ങളുടെയും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചതാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന രാജ്യാന്തര വോളി താരമായ മര്‍സ്സദ് റെയില്‍ വേയില്‍ ടിടിഇ ആണ്. ഇരു വീട്ടുകാരുടെയും പൂര്‍ണ്ണ സമ്മതത്തോട് കൂടിയാണു വിവാഹം മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. ഈ വിവരം സമയമാകുമ്പോള്‍ അറിയിക്കാം എന്നാണു കരുതിയിരുന്നത്. എന്നാല്‍ ചില മാധ്യമങ്ങള്‍ വളരെ സങ്കുചിതത്വത്തോടു കൂടി ഞങ്ങളോട് ഒരു അന്വേഷണവും നടത്താതെ ഇത് വാര്‍ത്തയാക്കുകയാണ് ചെയ്തത്.

ഏഷ്യാനെറ്റ് പോലുള്ള മാധ്യമം ദുരുദ്ദേശപരമായ കമന്റുകള്‍ക്ക് വഴിയൊരുക്കി കൊടുത്തു. അത്തരം കമന്റുകള്‍ തടയാനോ, നീക്കം ചെയ്യാനോ ഉള്ള സാമാന്യമര്യാദ പോലും അവര്‍ കാണിച്ചില്ല. ഇരു വീട്ടുകാരും ആലോചിച്ചുറപ്പിച്ച വിവാഹ കാര്യം സഖാക്കള്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, പിണറായി വിജയന്‍,കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവരെ അറിയിച്ചു. അവരുടെ സമ്മതവും അനുഗ്രഹവും ലഭിച്ചിട്ടുണ്ട്-പോസ്റ്റില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.