ലിവര്‍പൂളിനെ സ്വാന്‍സി സിറ്റി അട്ടിമറിച്ചു

Tuesday 23 January 2018 10:39 pm IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്ത്് നില്‍ക്കുന്ന ലിവര്‍പൂളിനെ സ്വാന്‍ സിറ്റി അട്ടിമറിച്ചു . ഏകപക്ഷീയമായ ഒറ്റ ഗോളിനാണ് സ്വാന്‍ സിറ്റി ലിവര്‍പൂളിന് അപ്രതീക്ഷിത തോല്‍വി സമ്മാനിച്ചത്. ഇടവേളയ്ക്ക് അഞ്ചു മിനിറ്റ മുമ്പ് സ്വാന്‍സിറ്റി ലീഡ് നേടി. ലിവര്‍പൂളിന്റെ പ്രതിരോധ തകര്‍ച്ച മുതലാക്കി അല്‍ഫി മാസണാണ് ഗോള്‍ നേടിയത്.  പ്രതിരോധനിരക്കാരനായ വിര്‍ജില്‍ വാന്‍ ഡിക്ക്  അടിച്ചകറ്റിയ പന്ത് നേരെ മാസണിന്റെ കാലുകളിലെത്തി. മാസണ്‍ അത് ഗോള്‍വര കടത്തിവിട്ടു.

സതാപ്ടണില്‍ നിന്നെത്തിയ വാന്‍ ഡിക്ക് ഇതാദ്യമായാണ് ലീഗില്‍ ലിവര്‍പൂളിനായി മത്സരിക്കാനിറങ്ങിയത്. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ ലിവര്‍പൂള്‍ തകര്‍ത്തുകളിച്ചെങ്കിലും സ്വാന്‍ സിറ്റി ഗോളടിക്കാന്‍ അനുവദിച്ചില്ല. സ്വാന്‍ സിറ്റിയുടെ ഈ സീസണിലെ അഞ്ചാം വിജയമാണിത്.

ലീഗിന്റെ തുടക്കത്തില്‍ പതിനെട്ടുമത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ലിവര്‍പൂളിന്റെ കുതിപ്പ് അടുത്തിടെയാണ് അവസാനിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയോടാണ് ആദ്യം അവര്‍ തകര്‍ന്നത്. സ്വാന്‍ സിറ്റിയോട് തോറ്റെങ്കിലും 47 പോയിന്റുമായി അവര്‍ നാലാം സ്ഥാനത്ത് തുടരുകയാണ്. 24 മത്സരങ്ങളില്‍ 50 പോയിന്റുള്ള ചെല്‍സിയാണ് മൂന്നാം സഥാനത്ത്.

24 മത്സരങ്ങളില്‍ 65 പോയിന്റു നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്്. 53 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.