വാടിക്കല്‍ രാമകൃഷ്ണന്‍ വധം: ജയരാജന്റെ നീക്കം പിണറായിയെ പൂട്ടാന്‍

Wednesday 24 January 2018 2:55 am IST

തിരുവനന്തപുരം: വാടിക്കല്‍ രാമകൃഷ്ണന്‍ വധം സംബന്ധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനെ പൂട്ടാന്‍ എന്ന് വ്യക്തം. പി. ജയരാജന്റെ തന്‍ പ്രമാണിത്തത്തിനെതിരെ മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വീകരിച്ച നിലപാടാണ് ഇതിന് കാരണം.

പാര്‍ട്ടിക്കതീതനായി ജയരാജന്‍ വിലസുന്നതിനെതിരെ കര്‍ക്കശമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. തുടര്‍ന്ന് ജയരാജന്റെ ബഹുവര്‍ണ ചിത്രങ്ങളുമായി നാട്ടിലാകെ ഉയര്‍ത്തിയ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കേണ്ടിവന്നു. ജയരാജന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ചയും ചെയ്തിരുന്നു. ഇത് ജയരാജനെ വല്ലാതെ ചൊടിപ്പിച്ചെന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ പ്രസ്താവന വ്യക്തമാക്കുന്നത്.

1969ല്‍ വാടിക്കല്‍ രാമകൃഷ്ണനെ കൊന്നത് വരമ്പത്ത് കൂലി എന്നാണ് ജയരാജന്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് യോഗത്തില്‍ പ്രസംഗിച്ചത്. തലശേരിയില്‍ അന്ന് ആര്‍എസ്എസ്, ജനസംഘം സംഘടനകളുമായി സിപിഎം സംഘര്‍ഷമൊന്നുമുണ്ടായിരുന്നില്ല.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ റോഡില്‍ കൂടി പോകവെ ജനസംഘം പ്രവര്‍ത്തകന്‍ രാമകൃഷ്ണന്റെ തുന്നല്‍ കടയിലിരുന്ന ചിലര്‍ പരിഹസിച്ചുവെന്നതിന്റെ പേരിലാണ് കൊല. ഈ കേസില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായിരുന്നു. അത് വീണ്ടും ചര്‍ച്ചയാക്കാനാണ് ജയരാജന്റെ ശ്രമമെന്ന കാര്യത്തില്‍ സംശയമില്ല. തന്നെ തരംതാഴ്ത്താന്‍ പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ചര്‍ച്ചയാക്കിയത് പിണറായി വിജയനാണെന്നാണ് ജയരാജന്റെ പക്ഷം. മുഖ്യമന്ത്രി നേരിട്ട് വിളിച്ച സമാധാന യോഗത്തിനുശേഷം അക്രമം അരങ്ങേറിയത് ജയരാജന്റെ ആഹ്വാനപ്രകാരമാണെന്നത് സിപിഎമ്മില്‍ ചര്‍ച്ചാവിഷയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.