വരമ്പത്ത് നല്‍കിയ കൂലി: കുറ്റമേറ്റ് പി. ജയരാജന്‍

Wednesday 24 January 2018 2:52 am IST

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് ഏറ്റു പറഞ്ഞ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ആ കൊലപാതകം വരമ്പത്ത് നല്‍കിയ കൂലിയായിരുന്നു എന്ന് കണ്ണൂര്‍ ധര്‍മ്മടത്ത് സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയില്‍  ജയരാജന്‍ വെളിപ്പെടുത്തി. വാടിക്കല്‍ രാമകൃഷ്ണനെ 1969ലാണ് സിപിഎമ്മുകാര്‍ കൊന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേസില്‍ പ്രതിയായിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് അന്ന് പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് വിശദമായി വായിച്ചതിനു ശേഷം, അത് നമ്മള്‍ വരമ്പത്തു നല്‍കിയ കൂലിയായിരുന്നു എന്ന് ജയരാജന്‍ പറയുകയായിരുന്നു. 

ധര്‍മ്മടം മേഖലയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന്  പത്ത് മിനിറ്റിനുള്ളില്‍ നടത്തിയ തിരിച്ചടിയിലാണ് രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഇത് വരമ്പത്ത് നല്‍കിയ കൂലിയായിരുന്നു പി.ജയരാജന്‍ പറഞ്ഞു. ജില്ലയില്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ആദ്യ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു വാടിക്കല്‍ രാമകൃഷ്ണന്‍. ജില്ലയിലെ രാഷ്ട്രീയ കൊലപാതകം തുടങ്ങിവെച്ചത് തങ്ങളാണെന്ന് പറയാതെ പറഞ്ഞ സിപിഎം നേതാവിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.