നയപ്രഖ്യാപനം: ഗവര്‍ണ്ണര്‍ക്ക് എതിരെ എല്‍ഡിഎഫ്-യുഡിഎഫ് നീക്കം

Wednesday 24 January 2018 2:52 am IST

തിരുവനന്തപുരം: സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപനപ്രസംഗത്തിലെ പച്ചക്കള്ളങ്ങളും കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങളും വായിക്കാതിരുന്ന ഗവര്‍ണ്ണര്‍ക്കെതിരെ ഇടത് വലത് മുന്നണികളുടെ സംയുക്ത നീക്കം. ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനാണ് എല്‍ഡിഎഫ്-യുഡിഎഫ് പദ്ധതി. ഒഴിവാക്കിയ ഭാഗം സഭാരേഖകളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിക്കുക.

നയപ്രഖ്യാപനം മുഴുവനും ഗവര്‍ണ്ണര്‍ വായിച്ചില്ലെങ്കില്‍ പ്രസംഗം പൂര്‍ണ്ണമായും  സഭയില്‍ സമര്‍പ്പിച്ചതായി പറയും. ചില ഭാഗങ്ങള്‍ വായിക്കുന്നില്ലെങ്കില്‍ അത് നേരത്തെ സര്‍ക്കാരിനെ അറിയിക്കും. അല്ലെങ്കില്‍ വായിച്ചതായി കണക്കാക്കണമെന്ന് പറയും. എന്നാല്‍ ഇത് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയത്തിന് നീക്കം. ഇത് സംബന്ധിച്ച കത്ത് പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് നല്‍കി. 

മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായിരുന്നിട്ടു കൂടി ചില വര്‍ഗ്ഗീയ സംഘടനകള്‍ രാജ്യത്താകെ ഒരു മാസം പ്രചരണം നടത്തിയെന്ന വാചകത്തില്‍ വര്‍ഗ്ഗീയത എന്ന വാക്കും, സഹകരണ ഫെഡറലിസം എന്ന വരിയും ഒഴിവാക്കിയാണ് ഗവര്‍ണ്ണര്‍ നയപ്രഖ്യാപനം വായിച്ചത്. ഒഴിവാക്കിയത് യുഡിഎഫിനെ ചൊടിപ്പിക്കുന്ന വാചകങ്ങള്‍ അല്ലെങ്കിലും രാഷ്ട്രീയപരമായി ബിജെപിക്ക് ഗുണം ചെയ്യും എന്ന് തോന്നലാണ് എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രമേയം അതരിപ്പിക്കാനുള്ള നീക്കത്തിന് കാരണം.

എന്നാല്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ യാതൊരു അഭിപ്രായവും ഇതുവരെയും പറഞ്ഞിട്ടില്ല. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം മുഖ്യമന്ത്രി വായിച്ച് കാണില്ലെന്ന് പ്രതിപക്ഷനേതാവ് പരിഹസിക്കുകയും ചെയ്തു. 

സര്‍ക്കാര്‍ എഴുതിക്കൊടുക്കുന്നതെന്തും വായിക്കുന്ന വെറും വായനക്കാരനല്ല എന്ന് ഗവര്‍ണ്ണര്‍ തെളിയിച്ചുവെന്നാണ് പൊതുവിലയിരുത്തല്‍. സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ നയം വ്യക്തമാക്കുന്ന രേഖ വെറും രാഷ്ട്രീയ രേഖയാക്കരുതെന്ന നിര്‍ദ്ദേശവും പറയാതെ പറഞ്ഞ് ഗവര്‍ണ്ണറുടെ നയം വ്യക്തമാക്കുന്നു. നയപ്രഖ്യാപനത്തിന് നന്ദിരേഖപ്പെടുത്തുന്ന ചര്‍ച്ച നാളെയാണ് ആരംഭിക്കുന്നതെങ്കിലും ഇന്ന് ചേരുന്ന സഭാസമ്മേളനത്തില്‍ ഇരു കൂട്ടരും വിഷയം ഉന്നയിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.