ഓഖി പുനരധിവാസത്തില്‍ നാളെ പ്രത്യേക പ്രസ്താവന

Wednesday 24 January 2018 11:10 am IST

തിരുവനന്തപുരം: ഓഖി പുനരധിവാസത്തില്‍ നിയമസഭയില്‍ വ്യാഴാഴ്ച പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാണ് പ്രസ്താവന. തീരദേശ മേഖലയുടെ സുരക്ഷ ഉറപ്പാക്കാന്‍ ത്രിമാന ഭൂപടം തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും. മറൈന്‍ ആംബുലന്‍സുകള്‍ സജ്ജമാക്കും. മത്സ്യത്തൊഴിലാളില്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ രമണ്‍ ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 

സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മത്സ്യതൊഴിലാളികളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നതാണ്. ആ സംവിധാനത്തില്‍ മത്സ്യത്തൊഴികളുടെ പങ്കും ഉറപ്പാക്കും.  മത്സ്യബന്ധനയാനങ്ങളുടെ ആധുനികവത്കരണം, സൗരോര്‍ജത്തെ അടിസ്ഥാനമാക്കിയുള്ള ഡീസാലിനേഷന്‍ പ്ലാന്റുകള്‍, മറൈന്‍ സ്കില്‍ ഡെവലപ്മെന്റ് കേന്ദ്രങ്ങള്‍,മറൈന്‍ ആംബുലന്‍സുകള്‍ എന്നിവയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി 7,340 കോടി രൂപയുടെ ഒരു സമഗ്ര പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കടലില്‍ പോകുന്ന മത്സ്യബന്ധന യാനങ്ങളുടെയും തൊഴിലാളികളുടെയും വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഉടന്‍ നടപ്പിലാക്കുന്നതാണ്. കടലില്‍ പോകുന്ന മത്സ്യതൊഴിലാളികളുമായി ആശയ വിനിയമം നടത്തുന്നതിനുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാന്‍ ഐഎസ്‌ആര്‍ഒയുടെ ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച്‌1,500 കിലോമീറ്റര്‍ വരെ വാര്‍ത്താവിനിമയം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട നാവിക് ഉപകരണങ്ങളുടെ ഫീല്‍ഡുതല പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കടലില്‍ അകപ്പെട്ടുപോകുന്ന മത്സ്യതൊഴിലാളികളുടെ യഥാര്‍ത്ഥ സ്ഥാനം മനസിലാക്കുന്നതിന് റേഡിയോ ബീക്കണുകള്‍ നാവിക്കില്‍ ഘടിപ്പിക്കുന്നതായിരിക്കും. 1,500 നാവിക്കുകള്‍ വൈകാതെ വിതരണം ചെയ്യും. മുഴുവന്‍ മത്സ്യബന്ധനയാനങ്ങള്‍ക്കും ആവശ്യമായ നാവിക് ഉപകരണങ്ങള്‍ കെല്‍ട്രോണില്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥ സംബന്ധിച്ചും കടലിന്റെ പ്രക്ഷുബ്ധാവസ്ഥ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ മുന്‍കൂട്ടി മത്സ്യത്തൊഴിലാളികളെ അറിയിക്കുന്നതിന് ഹൈദരാബാദിലെ ഐഎന്‍സിഒഐഎസുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.

യാനങ്ങളുടെ സഞ്ചാരപാത കരയിലിരുന്ന് മനസിലാക്കാന്‍ കഴിയുന്ന ഓട്ടോമാറ്റിക് വെസല്‍ ട്രാക്കിംഗ് സംവിധാനം215 മത്സ്യബന്ധന ബോട്ടുകളില്‍ ഇതിനകംതന്നെ ഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ബോട്ടുകളില്‍ ഘടിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്. മത്സ്യബന്ധനത്തിന് പോകുമ്ബോള്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.