കോടിയേരിയുടെ മകനെതിരെ തട്ടിപ്പ് കേസ്

Wednesday 24 January 2018 11:33 am IST

തിരുവനന്തപുരം: സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി 13 കോടിയോളം രൂപ തട്ടിപ്പ് നടത്തിയെന്ന് പാര്‍ട്ടിക്ക് പരാതി. ദുബായിലെ കമ്പനി പ്രതിനിധികള്‍ പോളിറ്റ് ബ്യൂറോയ്ക്കാണ് പരാതി നല്‍കിയത്. കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പ എടുത്ത് മുങ്ങിയെന്നാണ് പരാതി. 

പിബിക്ക് പരാതി കിട്ടിയെന്ന് സിപി‌എം ഉന്നത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ബിനോയിയെ ദുബായിലെ കോടതിയില്‍ ഹാജരാക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ നീക്കം സജീവമായതോടെയാണ് ഈ വാര്‍ത്ത പുറം ലോകത്ത് എത്തിയത്. കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) ബിനോയ് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.

കമ്പനി നല്‍കിയ കേസിന് പുറമേ അഞ്ച് ക്രിമിനല്‍ കേസുകള്‍ കൂടി ദുബായില്‍ ബിനോയ്ക്കെതിരെയുണ്ട്. അതിനാല്‍ തന്നെ സദുദ്ദേശ്യത്തോടെയല്ല തങ്ങളില്‍നിന്നു പണം വാങ്ങിയതെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു. ഇയാള്‍ ഒരു വര്‍ഷത്തിലേറെയായി ദുബായില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നും കമ്പനി പരാതിയില്‍ പറയുന്നു.

വിഷയത്തില്‍ സിപി‌എം പ്രതികരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരാതി അതീവ ഗൌരവമുളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം വിവാദത്തെക്കുറിച്ച് ചോദിക്കേണ്ടവരോട് ചോദിക്കണമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.