കാലിത്തീറ്റ കുംഭകോണം ; ലാലുവിന് അഞ്ചു വര്‍ഷം തടവ്‌

Wednesday 24 January 2018 12:13 pm IST

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍ജെഡി. അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവ്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. നേരത്തെ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.  

ലാലുവിന് പുറമെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ജഗന്നാഥ മിശ്രയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ആദ്യ രണ്ട് കേസുകളിലും കുറ്റക്കാരനെന്ന് കണ്ടെത്തിയ ലാലുവിന് ശിക്ഷ വിധിച്ചിട്ടുണ്ട്. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മകനും ആര്‍ജെഡി നേതാവുമായി തേജസ്വി യാദവ് പ്രതികരിച്ചു.

1992-93 കാലയളവില്‍ കാലിത്തീറ്റ വിതരണത്തിനെന്ന പേരില്‍ ചൈബാസ ട്രഷറിയില്‍ നിന്നും 34 കോടി രൂപ പിന്‍വലിച്ച കേസിലാണ് വിധി വന്നിരിക്കുന്നത്. 7.10 ലക്ഷം രൂപ വേണ്ടിടത്തായിരുന്നു 34 കോടിരൂപ പിന്‍വലിച്ചത്. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു ഈ തിരിമറി നടന്നത്. 1990-97 കാലയളവില്‍ 900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറ് കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്. നിലവില്‍ ജാര്‍ഖണ്ഡ് ജയിലിലാണ് ലാലു.

2013 സെപ്തംബര്‍ 30 നായിരുന്നു കാലിത്തീറ്റ അഴിമതിയിലെ ആദ്യകേസില്‍ ലാലുവിനെ ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നത്. ചൈബാസ ട്രഷറിയില്‍ നിന്ന് വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് 37.5 കോടി രൂപ പിന്‍വലിച്ചെന്ന കേസിലായിരുന്നു ഇത്. അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയുമായിരുന്നു ആദ്യ കേസില്‍ ശിക്ഷ ലഭിച്ചത്. ഈ കേസില്‍ പിന്നീട് സുപ്രിം കോടതി ലാലുവിന് ജാമ്യം അനുവദിക്കുകയായിരുന്നു. അന്ന് രണ്ട് മാസത്തോളം ലാലുവിന് ജയിലില്‍ കഴിയേണ്ടി വന്നു.

2017 ഡിസംബര്‍ 23 നാണ് രണ്ടാമത്ത കേസില്‍ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ ലാലു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് ജനുവരി ആറിന് മൂന്നരവര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.