കുടിവെള്ളത്തിന് കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകള്‍ ഏറെ

Thursday 25 January 2018 2:00 am IST

 

പോത്തന്‍കോട്: പോത്തന്‍കോട് ജംഗ്ഷനിലെ വ്യാപാരികള്‍ കുടിവെള്ളത്തിന് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. വെള്ളം ലഭിക്കാത്തതു മൂലം വ്യാപാരസ്ഥാപനങ്ങള്‍ അനുഭവിക്കുന്ന ദുരാവസ്ഥ അധികാരികളെ അറിയിച്ചിട്ടും നടപടി വൈകുന്നു.

നിരവധി പരാതികള്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. ഏകദേശം നൂറിലധികം വാട്ടര്‍ കണക്ഷനുകളാണ് പോത്തന്‍കോട് ജംഗ്ഷനില്‍ നല്‍കിയിരിക്കുന്നത്. കുടിവെള്ളമെത്തിക്കുന്ന പൈപ്പിന്റെ പൊട്ടിയഭാഗം നന്നാക്കണമെങ്കില്‍ പൊതുമരാമത്ത് റോഡ് പൊളിക്കേണ്ടിവരും. അതിന് പൊതുമരാമത്ത് അധികൃതരുടെയും കെഎസ്ടിപിയുടെയും അനുവാദം വേണം. അപേക്ഷ നല്‍കിയിട്ടും അനുവാദം ലഭിക്കാത്തതാണ് കുടിവെള്ള വിതരണം തടസ്സപ്പെടുത്തുന്നതെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പോത്തന്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതും നിത്യമാണ്. ജംഗ്ഷനില്‍ നിന്ന് മുന്നൂറു മീറ്റര്‍ മാറി അയണിമൂട്ടില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടിയിട്ട് ആഴ്ചകള്‍ ഏറെയായി. പൊട്ടിയ പൈപ്പുകള്‍ മാറ്റിസ്ഥാപിച്ച് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ അതിനു സമീപത്തെ പൈപ്പ് പൊട്ടുന്നത് പതിവാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.