സിപിഎമ്മിന്റെ ബക്കറ്റ് പിരിവിനു മുമ്പില്‍ ദൈവങ്ങള്‍ക്കും രക്ഷയില്ല

Wednesday 24 January 2018 6:23 pm IST

 

പാനൂര്‍: സിപിഎമ്മിന്റെ ബക്കറ്റ് പിരിവിനു മുമ്പില്‍ ദൈവങ്ങള്‍ക്കും രക്ഷയില്ല. സിപിഎം പണപ്പിരിവില്‍ ജനങ്ങള്‍ വീര്‍പ്പു മുട്ടുമ്പോള്‍ ദൈവത്തിനെ മാത്രം വെറുതെ വിടുന്നതെങ്ങിനെ. മൊകേരി കാട്ടിലെപുരയില്‍ തിറമഹോത്സവത്തില്‍ കെട്ടിയാടിയ ഭഗവതി സങ്കല്‍പ്പത്തിനു മുന്നിലാണ് ഐആര്‍പിസിയുടെ പേരിലുളള പിരിവിനായി സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ ബക്കറ്റുമായി എത്തിയത്.

ഇവരെ കണ്ട് ഭഗവതിയും ഒന്ന് അമ്പരന്നു കാണും. അനുഗ്രഹം തേടി വരുന്ന ഭക്തര്‍ ദക്ഷിണ നല്‍കുകയാണ് പതിവ്. എന്നാല്‍ ഭഗവതിക്കു മുന്നില്‍ ബക്കറ്റ് കുലുക്കി സഖാക്കള്‍ തങ്ങളുടെ ജൈവിക സ്വഭാവം പ്രകടമാക്കി. പാര്‍ട്ടിക്കുള്ളത് നല്‍കുക എന്ന ഭീഷണിയും. 

കാട്ടിലെ പുരയില്‍ ക്ഷേത്രത്തിലെ ട്രസ്റ്റ് അംഗങ്ങളെ ഭീഷണിപ്പെടുത്തി മൂലയ്ക്കിരുത്തി സിപിഎം നേതൃത്വം ക്ഷേത്രം പിടിച്ചെടുത്ത് നടത്തിപ്പും ഉത്സവങ്ങളും നടത്തി വരികയാണ്. കോടതി വിധി ട്രസ്റ്റ് അംഗങ്ങള്‍ക്ക് അനുകൂലമായിട്ടും ഒരു നിയമവും ഞങ്ങള്‍ക്കു ബാധകമല്ല എന്ന രീതിയിലാണ് സിപിഎം തിറമഹോത്സവം  നടത്തുന്നത്. ലക്ഷങ്ങള്‍ ഇതിനായി നാട്ടുകാരില്‍ നിന്നും സംഭാവന സ്വീകരിക്കുകയും പാര്‍ട്ടി ഫണ്ടിലേക്ക് വക മാറ്റുകയുമാണെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറയുന്നു.

പാര്‍ട്ടി സമ്മേളനം പോലെ ബക്കറ്റ് പിരിവും ക്ഷേത്രാങ്കണത്തില്‍ നടത്തുന്നുണ്ട്. മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിട്ടുളള ഇവിടം സിപിഎം പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും കോടതി ട്രസ്റ്റിന് അനുകൂല വിധി നല്‍കുകയായിരുന്നു. പാര്‍ട്ടി അനുഭാവികളായ ട്രസ്റ്റ് അംഗങ്ങള്‍ക്ക് പൂര്‍ണ്ണ അധികാരമുള്ള ഈ ദേവസ്ഥാനത്ത് വിശ്വാസികളെ അപമാനിക്കുന്ന തരത്തില്‍ പിരിവും മറ്റും നടത്തുകയാണ് സിപിഎം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.