കേരള ഘടകത്തിനും കാരാട്ടിനും വരമ്പത്ത് കൂലി കൊടുത്ത് യെച്ചൂരി

Thursday 25 January 2018 2:45 am IST

ന്യൂദല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ  മകന്‍ ബിനോയിക്കെതിരായ  പരാതി ചോര്‍ത്തിയതിന് പിന്നില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് പ്രകാശ് കാരാട്ട് പക്ഷം. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രേഖയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേന്ദ്ര കമ്മറ്റിയില്‍ യെച്ചൂരി കാരാട്ട് പക്ഷത്തോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് പരാതി ചില പത്രങ്ങളില്‍ എത്തിയത്. കൊല്‍ക്കത്തയില്‍ നിന്ന്  യെച്ചൂരി ദല്‍ഹിയിലെത്തിയതിന്റെ പിറ്റേന്നാണ് വാര്‍ത്ത പുറത്തായത്. കേരള ഘടകത്തിന്റെ പിന്തുണയോടെയായിരുന്നു യെച്ചൂരിക്കും ബംഗാള്‍ ഘടകത്തിനുമെതിരായ കാരാട്ടിന്റെ പോരാട്ടം. പരസ്യമായി നിഷേധിക്കുന്നുണ്ടെങ്കിലും തോല്‍വിക്ക് യെച്ചൂരി വരമ്പത്ത് കൂലി നല്‍കിയെന്നാണ് ദല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം. 

കാരാട്ടിനൊപ്പമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍  പരസ്യ പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും മാധ്യമപ്രവര്‍ത്തകരോട് പരാതി സ്ഥിരീകരിച്ചിരുന്നു. നേതാക്കളുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാല്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നായിരുന്നു അവരുടെ നിലപാട്. പാര്‍ട്ടി കോണ്‍ഗ്രസ് മുന്നിലുള്ളപ്പോള്‍ വിഷയം യെച്ചൂരി വിഭാഗം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാക്കുന്നത് തടയുകയായിരുന്നു കേരളത്തില്‍നിന്നുള്ള നേതാക്കളുടെ ലക്ഷ്യം. പരാതി ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നുമായിരുന്നു യെച്ചൂരിയുടെ പ്രതികരണം. 

 ഈ മാസം അഞ്ചിനാണ് പിബിക്ക് പരാതി ലഭിച്ചത്. കമ്പനി അധികൃതര്‍ യെച്ചൂരിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ഘട്ടത്തിലൊന്നും വാര്‍ത്ത പുറത്ത് വന്നില്ല. കേന്ദ്ര കമ്മറ്റിയില്‍ വോട്ടെടുപ്പില്‍ തോറ്റതിന് പിന്നാലെ പരാതി പരസ്യമായതാണ് യെച്ചൂരിക്കെതിരെ ആരോപണമുന്നയിക്കുന്നതിന് കാരണമായി കാരാട്ട് പക്ഷം ചൂണ്ടിക്കാട്ടുന്നത്.

കരട് രേഖാചര്‍ച്ചക്കിടെ വ്യക്തിപരമായ ആരോപണങ്ങള്‍ യെച്ചൂരിയും ബംഗാള്‍ ഘടകവും  ഉന്നയിച്ചിരുന്നു.  മുഖ്യമന്ത്രി പിണറായി വിജയനെതിരായ  ലാവ്‌ലിന്‍ കേസിലെ അന്വേഷണം  പരാമര്‍ശിച്ച് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ സന്തോഷിപ്പിക്കാനാണ് കാരാട്ട് പക്ഷത്തിന്റെ നീക്കമെന്നായിരുന്നു യെച്ചൂരിയുടെ ആരോപണം. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് പിന്തുണക്ക് വാദിച്ച യെച്ചൂരിയെ അധികാര മോഹിയായി മറുവിഭാഗവും  ചിത്രീകരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.