കാരാട്ട് ദമ്പതികള്‍ക്കെതിരായ പ്രചാരണവും ശക്തിപ്പെടുന്നു

Thursday 25 January 2018 2:45 am IST

ന്യൂദല്‍ഹി: പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടിനും ഭാര്യ വൃന്ദ കാരാട്ടിനുമെതിരായ ആരോപണങ്ങള്‍ ശക്തിപ്പെടുത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഭാഗം. എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയ്, ഭാര്യയും മാനേജിങ് ഡയറക്ടറുമായ രാധികാ റോയ് എന്നിവരുമായി ഇവര്‍ക്കുള്ള ബന്ധം വീണ്ടും പാര്‍ട്ടിയില്‍ ചര്‍ച്ചയാക്കാനാണ് നീക്കം.

രാധികാ റോയിയുടെ സഹോദരിയാണ് വൃന്ദ. പ്രണോയ് റോയിയുടെ ദല്‍ഹിയിലെ ആഡംബര വസതിയിലാണ് കാരാട്ട് ദമ്പതികളുടെയും താമസം. തൊഴിലാളി പാര്‍ട്ടിയുടെ നേതാക്കള്‍ ആഡംബര വസതികളില്‍ താമസിക്കുന്നതും വ്യവസായികളുടെ സഹായം പറ്റുന്നതും പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യെച്ചൂരി പക്ഷം മുന്‍പ് വിമര്‍ശനം ഉന്നയിച്ചിരുന്നു. 

 ഐസിഐസിഐ ബാങ്കിലെ വായ്പാ തിരിച്ചടവില്‍ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 48 കോടി രൂപ അനധികൃത ലാഭമുണ്ടാക്കിയതിന് പ്രണോയ് റോയിയും ഭാര്യയും സിബിഐ അന്വേഷണം നേരിടുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, വിദേശ നിക്ഷേപങ്ങളിലെ ക്രമക്കേട് എന്നിവയും അന്വേഷണ വിധേയമാണ്. കാരാട്ട് ദമ്പതികള്‍ വസതിയിലുള്ളപ്പോഴായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ഇത് വാര്‍ത്തയായതും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി. സിപിഎം ആഭിമുഖ്യമുള്ള എന്‍ഡിടിവിയുടെ വെബ്‌സൈറ്റില്‍ വൃന്ദാ കാരാട്ടിന്റെ കോളം ആഴ്ചതോറും പ്രസിദ്ധീകരിക്കുന്നുണ്ട്. 

 ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് മുന്‍പ് കാരാട്ട് അഭിപ്രായപ്പെട്ടിരുന്നു. ഇത് എന്‍ഡിടിവിക്കെതിരായ കേസുകള്‍ ഒഴിവാക്കുന്നതിന് ബിജെപിയെ പ്രീണിപ്പിക്കാനെന്ന വാദമാണ് യെച്ചൂരി പക്ഷം ഉയര്‍ത്തിയത്. കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച തന്റെ കരട് രേഖ തള്ളിയതോടെ എന്‍ഡിടിവി ബന്ധം ചൂണ്ടിക്കാട്ടി കാരാട്ട് ബിജെപിയെ സഹായിക്കുന്നുവെന്ന ആരോപണം ശക്തമാക്കാനാണ് യെച്ചൂരിയുടെ നീക്കം. പാര്‍ട്ടിയില്‍ ആക്ഷേപമുയര്‍ന്നിട്ടും സുഖസൗകര്യങ്ങള്‍ ഉപേക്ഷിക്കാന്‍ കാരാട്ട് തയ്യാറായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.