നെയ്യാര്‍ഡാം സഞ്ചാരികളെ സോറി, ടൂറിസം പോലീസ് സ്റ്റേഷന്‍ തുറന്നില്ല

Thursday 25 January 2018 2:00 am IST

 

 

കാട്ടാക്കട: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ നെയ്യാര്‍ ഡാമില്‍ നിര്‍മാണംപൂര്‍ത്തിയായ ടൂറിസം പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം കാത്തുകിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. സ്റ്റേഷനായി പണിത കെട്ടിടം അനാഥമായിരിക്കുമ്പോള്‍ അനുവദിച്ച ജീപ്പ് മറ്റൊരു സ്റ്റേഷനില്‍ സേവനത്തിലുമാണ്. നെയ്യാര്‍ഡാം പോലീസ്‌സ്റ്റേഷന്‍ വളപ്പിലെ പുതിയ ടൂറിസം പോലീസ് സ്റ്റേഷന്‍ കെട്ടിടവും പരിസരവും ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്. 

രണ്ടുവര്‍ഷം മുമ്പ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും ഉദ്ഘാടനം നടത്തിയില്ല. മൂന്നുമുറികളും ശൗചാലയങ്ങളും ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ ഇനി വേണ്ടത് വാട്ടര്‍ കണക്ഷന്‍ മാത്രമാണ്. നെയ്യാര്‍ഡാം വിനോദസഞ്ചാരകേന്ദ്രത്തില്‍ പ്രതിദിനം വിദേശികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് എത്തുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് സംരക്ഷണം കൊടുക്കുന്നതിനാണ് ടൂറിസം പോലീസ് സ്റ്റേഷന്‍ അനുവദിച്ചത്. കഴിഞ്ഞസര്‍ക്കാരിന്റെ അവസാനകാലത്ത് പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനാല്‍ നടന്നില്ല.

അഗസ്ത്യാര്‍കൂട താഴ്‌വര മുതല്‍ അമ്പൂരി വരെയുള്ള മൂന്നു വലിയ പഞ്ചായത്തുകളുടെ പ്രശ്‌നങ്ങള്‍ നെയ്യാര്‍ഡാം പൊലീസിന് കൈകാര്യം ചെയ്യേണ്ടതുണ്ട്. പുറമെയാണ് നെയ്യാര്‍ഡാമിലെത്തുന്ന  വിനോദസഞ്ചാരികള്‍ക്ക് സംരക്ഷണം നല്‍കേണ്ടിവരുന്നത്. നെയ്യാര്‍ഡാമിലെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള പരാതികള്‍, വിനോദസഞ്ചാരകേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ ഇവയൊക്കെ പലപ്പോഴും നെയ്യാര്‍ഡാം പോലീസിന് തലവേദന സൃഷ്ടിക്കുന്നു. നെയ്യാര്‍ഡാം സ്റ്റേഷന്‍ പരിധിയിലുള്ള കുറ്റിച്ചല്‍, അമ്പൂരി പഞ്ചായത്തുകള്‍ നിരന്തര ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന പഞ്ചായത്തുകളാണ്. ഇവിടത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവില്‍ നെയ്യാര്‍ഡാം സ്റ്റേഷനില്‍ അംഗബലമില്ല. ഇതിനിടയിലാണ് വിനോദസഞ്ചാരകേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ കൂടി തലയിലേറ്റേണ്ടി വരുന്നത്. നാട്ടുകാര്‍ അധികൃതരോട് പലതവണ പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.