കേന്ദ്രത്തിന് കത്ത് നല്‍കും, എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം: കുമ്മനം

Thursday 25 January 2018 2:45 am IST

ആറന്മുള: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ  മകനെതിരായ സാമ്പത്തിക തട്ടിപ്പ് എന്‍ഫോഴ്‌സ്‌മെന്റ്അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് അതീവ ഗുരുതരവിഷയമാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിലെ  വിഭാഗീയതയുടെ ഭാഗമായാണ് വാര്‍ത്ത പുറത്തു വന്നത്. എന്നാല്‍ മുന്‍പ് തന്നെ കോടിയേരിക്ക് ഇതേപ്പറ്റി അറിവുണ്ടായിരുന്നു, ആറന്മുളയില്‍ വാര്‍ത്താ ലേഖകരോട്  കുമ്മനം പറഞ്ഞു. 

മകന്റെ തട്ടിപ്പിനെപ്പറ്റി അറിവുണ്ടായിട്ടും അതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. അതിനാല്‍ സര്‍ക്കാര്‍   കേസെടുത്ത് അന്വേഷിക്കണം. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന കേസിലെ പ്രതിയാണെന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ നാണക്കേടാണ്. കോടിയേരിയുടെ കുടുംബത്തിന്റെ  സാമ്പത്തിക സ്രോതസ്സ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

കോടിയേരി രാജിവയ്ക്കണം: ബിജെപി

തിരുവനന്തപുരം; മകന്‍ ബിനോയിക്കെതിരെ കോടികളുടെ അഴിമതി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ആത്മാഭിമാനമുണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാജി വച്ച്  പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന്   ബിജെപി വക്താവ് എംഎസ് കുമാര്‍ ആവശ്യപ്പെട്ടു.

ഇടത്തരം കുടുംബമാണ് കോടിയേരിയുടേത്. ചുരുങ്ങിയ സമയം കൊണ്ട് ഇവര്‍ എങ്ങനെ ഇത്രയേറെ സ്വത്തിന് ഉടമയായി എന്ന് അന്വേഷിക്കേണ്ടതാണ്. ലോക കേരള സഭ എന്ന പരിപാടി സംഘടിപ്പിച്ചതിനു പിന്നിലും സാമ്പത്തിക നേട്ടമായിരുന്നു ലക്ഷ്യം. തട്ടിപ്പും ഈ പരിപാടിയുമായും ബന്ധമുണ്ടോയെന്നും അന്വേഷിക്കണം.

ബിനോയിയുടെ തട്ടിപ്പുകള്‍ അന്വേഷിക്കണം: സുരേന്ദ്രന്‍

തിരുവനന്തപുരം:  ബിനോയ് കോടിയേരിക്കെതിരായ  ആരോപണം ഗൗരവകരമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍,തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി, സര്‍ക്കാര്‍ തലങ്ങളില്‍ അടിയന്തര നടപടി വേണം. കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും  മൗനം വെടിയണം. കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷിക്കണം. സുരേന്ദ്രന്‍ തുടര്‍ന്നു.

കോടിയേരി മറുപടി പറയണം:ചെന്നിത്തല

തിരുവനന്തപുരം: മകനെതിരെയുള്ള കേസുകള്‍ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്കും ബാധ്യതയുണ്ട്. സംഭവം  ഗൗരവകരമാണ്. അദ്ദേഹം പറഞ്ഞു.

സിപിഎം  അന്വേഷിക്കണം; സിപിഐ

തൃശൂര്‍: ബിനോയ് കോടിയേരിക്കെതിരായ ആരോപണം സിപിഎം തന്നെ അന്വേഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരോപണം അവര്‍ തന്നെ അന്വേഷിക്കും. ഇത് മുന്നണിക്ക് തിരിച്ചടിയല്ല. മുന്നണിയുടെ പ്രതിഛായയെയും ബാധിച്ചിട്ടില്ല. കാനം പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.