ശാപമോക്ഷം കാത്ത് പവര്‍ഹൗസ് റോഡ്

Thursday 25 January 2018 2:14 am IST

 

ചേര്‍ത്തല: നിര്‍മാണം നിലച്ചിട്ട് അഞ്ച് വര്‍ഷം, ശാപമോക്ഷം കാത്ത് പവര്‍ഹൗസ് റോഡ്. 

  നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന റോഡിന്റെ പുനര്‍നിര്‍മാണം മുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

  യാത്രാദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. മെറ്റല്‍പാകിയ റോഡിലൂടെ കാല്‍നടയാത്ര പോലും ദുസഹമായി. വയലാര്‍ അടക്കമുള്ള വടക്കന്‍മേഖലകളില്‍ നിന്ന് വരുന്ന വാഹനയാത്രികര്‍ക്ക് വടക്കേ അങ്ങാടിക്കവലയിലെ ഗതാഗത കുരുക്കില്‍ പെടാതെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ സഹായകരമായ റോഡ് അഞ്ച് വര്‍ഷം മുന്‍പ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്ന്് അനുവദിച്ച 24 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനര്‍നിര്‍മാണം തുടങ്ങിയത്. 

  റോഡ് കുത്തിപ്പൊളിച്ച് ഉയര്‍ത്തിയതോടെ താഴ്ന്ന സമീപപ്രദേശങ്ങള്‍ മഴപെയ്താല്‍ വെള്ളക്കെട്ടിലാകുമെന്ന സ്ഥിതിയിലായി. ഇതേ ചൊല്ലി തര്‍ക്കം ഉടലെടുത്തതോടെ മെറ്റല്‍ വിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയശേഷം പണി തടസപ്പെടുകയായിരുന്നു. വെള്ളക്കെട്ട് പരിഹരിക്കാന്‍ ഇതോടൊപ്പം കാന നിര്‍മിക്കണമെന്നായിരുന്നു ആവശ്യം.

   തര്‍ക്കം നീണ്ടതോടെ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനായില്ല. ഇതോടെ നിര്‍മാണത്തിന് അനുവദിച്ച തുകയും ലാപ്‌സായി. വൈദ്യുതി ഓഫീസ്, എഫ്‌സിസി ഗോഡൗണ്‍, കൊപ്രാ കന്നിട്ട എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് ആളുകളാണ് പ്രതിദിനം ഇതുവഴി സഞ്ചരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.