പേരറിവാളന്റെ ഹര്‍ജിയില്‍ സിബിഐക്ക് നോട്ടീസ്

Thursday 25 January 2018 2:45 am IST

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളിലൊരാളായ  എജി പേരറിവാളന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി ആവശ്യപ്പെട്ട് സുപ്രീം കോടതി സിബിഐക്ക് നോട്ടീസയച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ആര്‍ ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ്  മൂന്നാഴ്ചക്കകം മറുപടി തേടി നോട്ടീസ് അയച്ചിരിക്കുന്നത്. വിഷയത്തില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 21 ലേക്ക് മാറ്റി. 

1999 മെയിലെ സുപ്രീം കോടതി വിധി പ്രകാരം രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ പേരറിവാളന്‍, മുരുഗന്‍, ശാന്തം, നളിനി എന്നിവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ 2000 ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാരിന്റെയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും ശുപാര്‍ശ പ്രകാരം നളിനിയുടെ വധശിക്ഷ തമിഴ്‌നാട് ഗവര്‍ണര്‍ റദ്ദാക്കി. പിന്നീട് 2014 ഫെബ്രുവരി 18 ന്  പ്രതികളുടെ ദയാ ഹര്‍ജി പരിഗണിക്കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ 11 വര്‍ഷം താമസിച്ചു എന്ന കാരണത്താല്‍ പേരറിവാളനുള്‍പ്പടെ മറ്റ് മൂന്ന് പ്രതികളുടെ വധ ശിക്ഷയും ജീവപര്യന്തം തടവ് ശിക്ഷയാക്കി സുപ്രീം കോടതി കുറച്ചിരുന്നു.

1999ലെ വിധിയില്‍ പുനരാലോചന ആവശ്യപ്പെട്ട് ഇരുപത്തിയാറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളന്‍ സുപ്രീം കോടതിയില്‍ അപേക്ഷ യിട്ടുണ്ടെന്നും അതില്‍ സിബിഐ ഉടന്‍ മറുപടി നല്‍കണമെന്നും ബുധനാഴ്ച വാദം കേള്‍ക്കവെ പേരറിവാളന്റെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.