പീഡന കേസുകളില്‍ കുടുങ്ങി മാനക്കേടില്‍ പോലീസ് സേന

Thursday 25 January 2018 2:21 am IST

 

ആലപ്പുഴ: സ്ത്രീകള്‍ക്ക് സംരക്ഷകരാകേണ്ട പോലീസ് സേനാംഗങ്ങള്‍ പീഡനകേസുകളില്‍ തുടര്‍ച്ചയായി പ്രതിയാകുന്നത് പോലീസ് സേനയെ മാനക്കേടിന്റെ പടുകുഴിയിലേക്ക് നയിക്കുന്നു.

  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്‌ഐയും സീനിയല്‍ സിവില്‍ പോലീസ് ഓഫീസറും ജയിലിലായതിന് പിന്നാലെയാണ് വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലും പോലീസുകാരന്‍ പിടിയിലാകുന്നത്. 

 ക്വട്ടേഷന്‍, പണമിടപാട്, കൈക്കൂലി തുടങ്ങി നിരവധി ആരോപണങ്ങള്‍ പോലീസുകാര്‍ക്കെതിരെ സ്ഥിരമായി ഉയരാറുണ്ടെങ്കിലും പീഡന കേസുകളില്‍ പോലീസുകാര്‍ കുടുങ്ങുന്നത് സേനയുടെ വിശ്വാസ്യത പോലും നഷ്ടപ്പെടുത്തുന്നു. പതിനാറുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎസ്പി, സിഐ തുടങ്ങിയ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കെതിരെ പോലും ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം ആ ദിശയില്‍ നീങ്ങാത്തതിനാലാണ് അവര്‍ കൂടുങ്ങാത്തതെന്നാണ് വിമര്‍ശനം ഉയരുന്നത്.

  വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ ഹില്‍പാലസ് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ ആലപ്പുഴ പൊള്ളേത്തൈ അഞ്ചുപറമ്പില്‍ പി.ഡി.രതീഷ് കുമാറിനെയാണ് (34) ആലപ്പുഴ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മുപ്പത്തിയെട്ടുകാരിയുടെ പരാതിയിലാണു നടപടി. കബളിപ്പിക്കപ്പെട്ട യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടര്‍ന്നാണു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

  നാലു വര്‍ഷമായി അടുപ്പത്തിലായ ഇരുവരും വാടകവീടെടുത്ത് ഒന്നിച്ചു കഴിയുകയായിരുന്നു. ഇക്കാലത്തിനിടയില്‍ ഇയാള്‍ യുവതിയില്‍ നിന്നു മൂന്നര ലക്ഷത്തോളം രൂപ കൈക്കലാക്കി. വീടു വയ്ക്കാനും സ്വര്‍ണാഭരണവും വാഹനവും വാങ്ങാനും ഉള്‍പ്പെടെ യുവതി സഹായിക്കുകയും ചെയ്തതായി  യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

 യുവതിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം വിവാഹത്തീയതി കുറിക്കാന്‍ സമീപിച്ചപ്പോഴാണു രതീഷ് വിവാഹത്തിന് ഒരുക്കമല്ലെന്നു പറഞ്ഞത്. വിവരമറിഞ്ഞ യുവതി ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. രതീഷ് റിമാന്‍ഡിലാണ്

  പതിനാറുകാരി കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ്‌ഐ ഉദയംപേരൂര്‍ സ്വദേശി കെ. ജി. ലൈജു(30), കൈനടി സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍  പൂങ്കാവ് സ്വദേശി നെല്‍സണ്‍ തോമസ്(40) എന്നിവര്‍ റിമാന്‍ഡിലാണ്.  കഴിഞ്ഞ പത്തിനാണ് പെണ്‍കുട്ടിയെ രാത്രി വീട്ടില്‍ നിന്ന് കടത്തികൊണ്ടു പോകുമ്പോള്‍ ഇടനിലക്കാരി ആതിരയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. 

  കുട്ടിയുടെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ ആതിരയും പോലീസുദ്യോഗസ്ഥരും മുതലെടുക്കുകയായിരുന്നു. പോലീസുകാര്‍ക്ക് ഒത്താശ ചെയ്ത കുട്ടിയുടെ അച്ഛനും റിമാന്‍ഡിലാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.