ട്രെയിന്‍ യാത്രയ്ക്കിടെ വനിതാ ഡോക്ടര്‍ മരിച്ച സംഭവം: അമ്മയെ കാണാതെ നിലവിളിച്ച കുരുന്നുകള്‍ക്ക് മുമ്പില്‍ വിതുമ്പലോടെ സഹയാത്രികര്‍

Wednesday 24 January 2018 8:44 pm IST

 

കണ്ണൂര്‍: ട്രെയിനില്‍ ഉറക്കമുണര്‍ന്നപ്പോള്‍ അമ്മയെ കാണാതെ നിലവിളിച്ച കുരുന്നുകളെ ആശ്വസിപ്പിച്ച സഹയാത്രികര്‍ ഒടുവില്‍ അമ്മയുടെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ വിതുമ്പി. കുട്ടികളെയും ചേര്‍ത്തുപിടിച്ച് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങുമ്പോള്‍ എല്ലാവരുടെയും മിഴികള്‍ ഈറനണിഞ്ഞിരുന്നു. അപ്പോഴും ഒന്നുമറിയാതെ കരഞ്ഞുകൊണ്ടിരുന്ന രണ്ടു വയസ്സുകാരി സങ്കടക്കാഴ്ചയായി. മലബാര്‍ എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം പത്തനം തിട്ടയില്‍ നിന്ന് കണ്ണൂരിലെ വീട്ടിലേക്കുള്ള അമ്മയുടെയും മൂന്നുമക്കളുടെയും രാത്രിയാത്രയിലായിരുന്നു ദുരന്തം. 

 ഒപ്പം യാത്ര ചെയ്തിരുന്ന അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മൂന്ന് കുട്ടികള്‍ ഉറക്കെ കരയാന്‍ തുടങ്ങിയതോടെയാണ് സംഭവത്തെക്കുറിച്ച് സഹയാത്രികര്‍ അറിയുന്നത്. തുടര്‍ന്ന് ട്രെയിന്‍ കണ്ണൂരിലെത്തുന്നതുവരെ ആശങ്കയുടെയും കണ്ണീരിന്റെയും നിമിഷങ്ങളായിരുന്നു. പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോക്ടര്‍ അനൂപ് മുരളീധരന്റെ ഭാര്യ ഡോക്ടര്‍ തുഷാര(38)യെയാണ് ട്രെയിനില്‍ നിന്നു കാണാതാവുകയും മരിച്ചതായി അറിയുകയും ചെയ്തത്. ചെങ്ങന്നൂരില്‍ നിന്നും ട്രെയിനില്‍ കയറിയ തുഷാരയും മൂന്നു മക്കളും സഹായിയായ സ്ത്രീയും റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര ചെയ്തിരുന്നത്. കണ്ണൂര്‍ സ്വദേശിനിയായ തുഷാര, മക്കളായ കാളിദാസനും വൈദേഹിയും വൈഷ്ണയ്ക്കുമൊപ്പം സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഭര്‍ത്താവ് അനുപ് മുരളീധരനാണ് ഇവരെ ചെങ്ങന്നൂരില്‍ നിന്ന് ട്രെയിന്‍ കയറ്റിവിട്ടത്. ട്രെയിനില്‍ കയറിയ തുഷാരയും മക്കളും ഉടന്‍തന്നെ ഉറങ്ങാന്‍കിടന്നു. 

 പിറ്റേദിവസം പുലര്‍ച്ചെ രണ്ടരയോടെ ഉറക്കമേഴുന്നറ്റ കുട്ടികളാണ് തുഷാരയെ കാണാനില്ലെന്ന് ആദ്യമറിഞ്ഞത്. അമ്മയെ കാണാതായതോടെ കുട്ടികള്‍ മൂന്നുപേരും ഉറക്കെ കരയാന്‍ തുടങ്ങി. ഇതോടെയാണ് തുഷാരയെ കാണാതായ വിവരം സഹയാത്രികരുമറിഞ്ഞത് തുടര്‍ന്ന് ട്രെയിനിലെ മറ്റു കോച്ചുകളിലും മുഴുവന്‍ ശുചിമുറികളിലും സഹയാത്രികര്‍ തിരച്ചില്‍ നടത്തിയെങ്കിലും തുഷാരയെ കണ്ടെത്താനായില്ല. അമ്മയെ കാണാതായതോടെ മൂത്ത കുട്ടികളായ കാളിദാസനും വൈദേഹിയും യാത്രക്കാര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. സഹോദരങ്ങളുടെ കരച്ചില്‍ കണ്ട് രണ്ടര വയസുള്ള ഇളയക്കുട്ടി വൈഷ്ണയും ഒന്നും മനസ്സിലാകാതെ കരച്ചിലിലായി. തുഷാരയെ കണ്ടെത്താന്‍ സാധിക്കാത്ത വന്നതോടെ സഹയാത്രികര്‍ കുട്ടികളുടെ കൈയില്‍ നിന്നും കണ്ണൂരിലെ ബന്ധുവിന്റെ നമ്പര്‍ വാങ്ങി അവരെ ബന്ധപ്പെട്ടിരുന്നു. ട്രെയിന്‍ കണ്ണൂര്‍ എത്തുമ്പോള്‍ കുട്ടികളെ ഏല്‍പ്പിക്കാമെന്ന് സഹയാത്രികര്‍ ബന്ധുക്കളെ അറിയിച്ചു. ഇതിനിടെ തുഷാരയെ കാണാനില്ലെന്ന് ബന്ധുക്കളും റെയില്‍വേ പോലീസില്‍ പരാതി നല്‍കി. മലബാര്‍ എക്‌സ്പ്രസ് കണ്ണൂരില്‍ എത്തിയതോടെ തുഷാരയുടെ ബന്ധുക്കളെത്തി കുട്ടികളെ ഏറ്റെടുത്തു. ഇതിനിടെ തൃശൂരില്‍ റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ചതായി റെയില്‍വേ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസും ബന്ധുക്കളുമെത്തി മൃതദേഹം തുഷാരയുടേതാണെന്ന് സ്ഥിരീകരിച്ചച്ചു രാത്രി ശുചിമുറിയില്‍ പോയപ്പോള്‍ അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് വീണ് മരണപ്പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 

കോന്നി കല്ലേലി ഗവ. ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് തുഷാര. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് ഡോ. അനൂപ് മുരളീധരന്‍. കൂടല്‍ ശ്രീഭാരത് ആയുര്‍വേദ ഹോസ്പിറ്റല്‍ ഉടമയാണ്. പത്തനാപുരം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കാളിദാസനും വൈദേഹിയും. കണ്ണൂര്‍ താവക്കര തുഷാരത്തില്‍ റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ സൂപ്രണ്ട് വേലായുധന്റെയും സുമംഗലയുടെയും മകളാണ് ഡോ. തുഷാര. 

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.