വിദേശ മണല്‍: പൊതുമരാമത്ത് വകുപ്പിന് വിമുഖത

Thursday 25 January 2018 2:45 am IST

കോട്ടയം: സര്‍ക്കാര്‍ ഇറക്കുമതിചെയ്ത വിദേശ മണലിന്റെ ഗുണത്തെക്കുറിച്ച് പൊതുമരാമത്ത് വിഭാഗത്തിന് സംശയം. അതിനാല്‍  വിദേശ  മണല്‍ നിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കാന്‍  കെട്ടിട വിഭാഗം തീരുമാനമെടുത്തിട്ടില്ല. 

    മലേഷ്യയില്‍ നിന്നാണ് കൊച്ചി തുറമുഖം വഴി വിദേശ മണല്‍ എത്തിയത്. മുമ്പ് വിയ്റ്റനാം മണല്‍ എത്തിയിരുന്നുവെങ്കിലും ഗുണനിലവാരമില്ലാത്തതിനാല്‍ ആരും ഏറ്റെടുത്തില്ല. അതേസമയം മലേഷ്യന്‍ മണല്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ  ഗുണം തെളിയാതെ എങ്ങനെ ഉപയോഗിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. കെട്ടിടവും പാലവും നിര്‍മ്മിച്ച ശേഷം എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം തങ്ങളുടെ തലയിലായിരിക്കുമെന്ന ആശങ്കയാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. 

   കരിങ്കല്‍ ക്വാറികള്‍ കൂട്ടത്തോടെ അടച്ചിട്ടതും ആറ്റുമണല്‍ കിട്ടാത്തതുമാണ്  പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. ആറ്റുമണല്‍ വാരുന്നതിന് നിയന്ത്രണം വന്നതോടെയാണ് എംസാന്‍ഡ് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. പൊതുമരാമത്തിന്റെ പ്രവര്‍ത്തികള്‍ക്കും എംസാന്‍ഡാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ക്വാറികള്‍ പൂട്ടിയതോടെ എംസാന്‍ഡിനും ക്ഷാമമായി. ഒരു ഘനയടി എംസാന്‍ഡിന് 60 രൂപ വരെയായിട്ടുണ്ട്.

   ഇതിനിടെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത മണല്‍ എല്ലാ ജില്ലകളിലും വിതരണത്തിന് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ബേപ്പൂര്‍, കൊല്ലം, കോട്ടയം, വൈപ്പിന്‍, കൊടുങ്ങല്ലൂര്‍ തുറമുഖങ്ങള്‍ വഴി വിതരണത്തിന് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ജിഎസ്ടി അടക്കം ടണ്ണിന് 2300-2400 രൂപ വരെയാണ് വില. 

   ഡാമുകളില്‍ അടിഞ്ഞ മണല്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് വീണ്ടും പഠനം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡാമിലെ മണല്‍ ഊറ്റിയെങ്കിലും പദ്ധതി പരാജയപ്പെട്ടു. തൊഴിലാളികളെ ഉപയോഗിച്ച് അശാസ്ത്രീയമായ രീതിയില്‍ എടുത്ത മണലില്‍ ചെളിയുടെ അളവ് വളരെ കൂടുതലയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.