ശില്‍പ്പിയുടെ മരണം: കണ്ണീരണിഞ്ഞ് കുഞ്ഞിമംഗലം

Wednesday 24 January 2018 8:45 pm IST

 

കുഞ്ഞിമംഗലം: വെങ്കലഗ്രാമത്തെ കണ്ണീരിലാഴ്ത്തി മികച്ച മെനഞ്ഞ ശില്‍പ്പങ്ങളെ ബാക്കിയാക്കി യുവശില്‍പി മഹേഷ് കുതിരുമ്മല്‍ അനശ്വരതയിലേക്ക് മടങ്ങി. ചൊവ്വാഴ്ച സന്ധ്യയോടെ ചൊക്ലി നിടുവമ്പ്രം മുച്ചിലോട്ട് താലപ്പൊലി ഘോഷയാത്രയ്ക്കിടെ ചലിക്കുന്ന പ്ലോട്ടില്‍ നിന്നും ഷോക്കേറ്റാണ് ശില്‍പ്പകലയില്‍ ഒരു പിടി അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രതിഭയുണ്ടായിരുന്ന ഈ യുവശില്‍പിയ്ക്ക് ദാരുണാന്ത്യമുണ്ടായത്.

 ചെറുപ്രായത്തില്‍ തന്നെ ശില്‍പ്പകലയില്‍ കഴിവ് തെളിയിച്ചിരുന്നു മഹേഷ്. സ്വര്‍ണമെഡലും പവിത്രമോതിരവുമടക്കം നിരവധി സമ്മാനങ്ങള്‍ ഈ ചെറുപ്രായത്തില്‍ തന്നെ ഈ പ്രതിഭയെ അണിയിച്ചിട്ടുണ്ട് പലരും. നാഷണല്‍ ഡാന്‍സ് മ്യൂസിയത്തില്‍ നടനകലാരൂപങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ മഹേഷ് വിസ്മയ കുഞ്ഞിമംഗലം എന്ന പേരില്‍ ഉത്സവത്തിനുള്ള കാഴ്ച ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ച് വരികയായിരുന്നു. ചലിക്കുന്ന ശില്‍പങ്ങളുടെ നിര്‍മ്മാണത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഈ യുവാവിന് കഴിഞ്ഞിരുന്നു. കുഞ്ഞിമംഗലം ഗോപാല്‍ സ്‌കൂളിലെ ടാഗോര്‍ ശില്‍പ്പമാണ് ശ്രദ്ധേയനാക്കിയ മറ്റൊരു ശില്‍പ്പം. കരിവെള്ളൂര്‍ രക്തസാക്ഷിസ്മാരകത്തിന് മുന്നിലെ ശില്‍പ്പം, കൂടാളി തെറ്റിയാട്ട മഹാവിഷ്ണുക്ഷേത്രത്തിലെ വാമനാവതാരം, പറവൂര്‍ ലക്ഷ്മി നരസിംഹ സ്വാമിക്ഷേത്രത്തിലെ ദശാവതാരശില്‍പം,, കുഞ്ഞിമംഗലം മല്യോട്ട് പാലോട്ട് കാവിലെ മത്സ്യാവതാരശില്‍പം, തൃപ്പാണിക്കര ശിവക്ഷേത്ര കവാടം, തലായാ താമരക്കാപ്പ് മുത്തപ്പന്‍ മഠപ്പുരയിലെ മുത്തപ്പന്റെയും നായയുടെ ശില്‍പം എന്നിവ മഹേഷിന്റെ കരവിരുതില്‍ വിരിഞ്ഞവയാണ്. 

 പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തലായി കൃഷ്ണപ്പിള്ള സ്മാരക വായനശാല പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. മൂശാരിക്കൊവ്വല്‍ സമുദായശ്മശാനത്തില്‍ ഉച്ചയോടെയായിരുന്നു സംസ്‌കാരം. പി.ജനാര്‍ദ്ദനന്‍-ടി.ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ:രാജിന. മകന്‍ : അമേഘ്.സഹോദരങ്ങള്‍: യുഗേഷ്, ജഗേഷ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.