നേതാക്കളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രക്ഷുബ്ദമാവും

Wednesday 24 January 2018 8:46 pm IST

 

സ്വന്തം ലേഖകന്‍ 

കണ്ണൂര്‍: 27 മുതല്‍ 29 വരെ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനം സംബന്ധിച്ച് പാര്‍ട്ടിക്കുളളില്‍ ആശയക്കുഴപ്പവും വിഭാഗീയതയും രൂക്ഷം. ജില്ലാ സമ്മേളനത്തില്‍ സംബന്ധിക്കെണ്ടവരും ജില്ലയില്‍ നിന്നുളളവരുമായ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളുമായി ബന്ധപ്പെട്ട് ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളും പ്രസംഗങ്ങളും പ്രസ്താവനകളും സമ്മേളനം പ്രക്ഷുബ്ധമാവാന്‍ വഴിയൊരുക്കും.

പാര്‍ട്ടിക്കുളളില്‍ സ്വയം മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ജില്ലാ സെക്രട്ടറി പി.ജയരാജനെതിരായ സംസ്ഥാന സമിതിയുടെ വിമര്‍ശനവും കണ്ണൂര്‍ സ്വദേശിയായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പൂജാ വിവാദത്തിനും പിന്നാലെ ഇന്നലെ കോടിയേരിയുടെ മകനെതിരായി പുറത്തുവന്ന തട്ടിപ്പ്‌കേസും കത്തിനില്‍ക്കുന്നതിനാല്‍ തന്നെ സമ്മേളനം പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. 

ജില്ലയിലെ പാര്‍ട്ടിക്ക് മുന്നില്‍ സംഘടനാരീതിയും അച്ചടക്കവും സംബന്ധിച്ച വെല്ലുവിളികള്‍ നിലനില്‍ക്കേയാണ് ജില്ലാ സമ്മേളനം നടക്കുന്നത്. പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ പല തെറ്റായ നടപടികളും സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാകുമെന്നാണ് അറിയുന്നത്. ബ്രാഞ്ച് തലം മുതലുള്ള സമ്മേളന നടപടികള്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ജില്ലാ സെക്രട്ടറി പി.ജയരാജനെങ്കില്‍ മൂന്നുമാസത്തിനിപ്പുറം ജില്ലാ സമ്മേളനം നടക്കാനിരിക്കെ വ്യക്തിപൂജാ വിവാദത്തില്‍ പാര്‍ട്ടിക്കുളളില്‍ പ്രതിരോധത്തിലാണ്. എന്നാല്‍ സംസ്ഥാന-ജില്ലാ സമ്മേളനങ്ങള്‍ നടക്കാനിരിക്കെ ജയരാജനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പിണറായിയും കോടിയേരിയുമാണെന്നുളളതിനാല്‍ ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ജയരാജനാണെന്ന തരത്തിലുളള അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് സ്വയം ഏറ്റുപറഞ്ഞു കൊണ്ട് ജയരാജന്‍ കേസിലെ പ്രതിയായിരുന്ന പിണറായിയെ ലക്ഷ്യവെക്കുകയാണെന്നും സൂചനയുണ്ട്. കൂടാതെ ഇന്നലെ കോടിയേരിയുടെ മകനെതിരായ ആരോപണം പുറത്തു വന്നതിനു പിന്നിലും സിപിഎമ്മിലെ ഗ്രൂപ്പിസമാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

പാര്‍ട്ടിയുടെ ഏറ്റവും ശക്തിയുളള ഘടകമെന്ന് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്ന കണ്ണൂരില്‍ നേതൃമാറ്റമുണ്ടാകണണെന്ന് ഒരുവിഭാഗം ശക്തമായി ആഗ്രഹിക്കുന്നുണ്ട്. ജയരാജനെതിരായി ഉയര്‍ന്ന ആരോപണങ്ങളും മൂന്ന് ടേം പൂര്‍ത്തിയാക്കിയവര്‍ മാറണം എന്നതും ഈ വിഭാഗം സമ്മേളനത്തില്‍ ഉന്നയിക്കുമെന്നാണ് സൂചന. കണ്ണൂര്‍ ലോബിയില്‍പ്പെട്ട ഭൂരിഭാഗം വരുന്ന നേതാക്കളും ജയരാജന്റെ സെക്രട്ടറി സ്ഥാനത്തേക്കുളള നാലാംതവണത്തെ പ്രവേശനം എന്തുവില കൊടുത്തും തടയാന്‍ നീക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന.

 പെരുമാറ്റ ദൂഷ്യ ആക്ഷേപങ്ങളെത്തുടര്‍ന്ന് പി.ശശി ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ചപ്പോള്‍ 2010ല ാണ് ജയരാജന്‍ സെക്രട്ടറിയാകുന്നത്. തുടര്‍ന്ന് 2011, 2014 വര്‍ഷങ്ങളില്‍ ജില്ലാ സമ്മേളനങ്ങളില്‍ സെക്രട്ടറിയായി. ജില്ലാ സമ്മേളനാനന്തരം സംസ്ഥാന സമ്മേളനത്തില്‍ പുതിയ ചുമതലകള്‍ നല്‍കി ജയജരാജനെ ജില്ലാ നേതൃത്വത്തില്‍ നിന്ന് മാറ്റാനുളള നീക്കങ്ങളും പാര്‍ട്ടിക്കുളളില്‍ നടക്കുന്നതായി സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി.ജയരാജനൈ സെക്രട്ടറി സ്ഥാനത്തെത്തിക്കാനുളള ചരടുവലികള്‍ നടക്കുന്നതായാറിയുന്നു. ജില്ലാ സെക്രട്ടറിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ രൂപംകൊണ്ട കടുത്ത ഭിന്നതയും ഭരണകക്ഷിയെന്ന നിലയില്‍ പാര്‍ട്ടി അനുഭാവികളേയും അംഗങ്ങളേയും പരിഗണിക്കാതെയാണ് ഭരണം മുന്നോട്ടുപോകുന്നതെന്ന ആരോപണങ്ങളും പാര്‍ട്ടിയുടെ താഴെത്തട്ടിലടക്കം രൂപം കൊണ്ടിട്ടുണ്ട്. ശക്തമായ അഭിപ്രായ ഭിന്നതകള്‍ സമ്മേളനത്തില്‍ പുറത്തുവരുമെന്നു തന്നെയാണ് സൂചന.

ഉദ്ഘാടനത്തിന് മുന്നേ നായനാര്‍ അക്കാദമിയില്‍ പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നേരത്തേ സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്ക് വിധേയനായിരുന്നു. ഇതും പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്നാണ് അറിയുന്നത്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് പാര്‍ട്ടി ജില്ലാ സമ്മേളനം മറ്റന്നാള്‍ നടക്കാനിരിക്കെ സമ്മേളനം ചൂടേറിയ ചര്‍ച്ചകള്‍ക്കും വിഭാഗീയതകള്‍ക്കും വഴിതുറക്കുമെന്നതിലേക്ക് തന്നെയാണ്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.