ശ്യാമപ്രസാദിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം: കെ.സുരേന്ദ്രന്‍

Wednesday 24 January 2018 8:48 pm IST

 

കണ്ണവം: എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഐഎന്‍ടിയുസി ദേശീയസെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

എസ്ഡിപിഐ പ്രവര്‍ത്തകരായ നാലുപേരെ പോലീസ് പിടികൂടിയെങ്കിലും സംഭവത്തില്‍ വലിയ തോതിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. അതിലേക്കൊന്നും പോലീസിന്റെ അന്വേഷണമെത്തുന്നില്ല. നാട്ടില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള കൃത്യമായ നീക്കങ്ങള്‍ ഇതിനു പിന്നിലുണ്ട്. ശ്യാമപ്രസാദ് കൊല ചെയ്യപ്പെട്ടയുടനെ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്കു നേരെയും മുസ്ലിം വീടുകള്‍ക്കു നേരെയും അക്രമമുണ്ടാകുമെന്നും സംരക്ഷണമാവശ്യമുള്ളവര്‍ ബന്ധപ്പെടണമെന്നും കാണിച്ച് സിപിഎം നേതാക്കള്‍ വാട്‌സ് അപ്പ് സന്ദേശം പ്രചരിപ്പിച്ചത് ദുരൂഹമാണ്. എന്തൊക്കെ നടക്കുമെന്ന കൃത്യമായ ധാരണ ഇവര്‍ക്കുണ്ടായിരുന്നു എന്നു വേണം കരുതാന്‍. അതിനെ ശരിവെക്കുന്ന രീതിയിലാണ് കണ്ണവം മേഖലയില്‍ മുസ്ലിം വീടുകള്‍ക്കു നേരെ അക്രമം നടന്നത്. 

കണ്ണവം മേഖലയിലെ സമാധാനത്തിനായി ചിറ്റാരിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രാര്‍ത്ഥനാ ഉപവാസ യജ്ഞത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍.

മണ്ഡലം പ്രസിഡണ്ട് അഡ്വ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ സത്യന്‍ നരവൂര്‍, സി.ജി.തങ്കച്ചന്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.ദിവാകരന്‍ മാസ്റ്റര്‍, ഭാര്‍ഗവന്‍ മാസ്റ്റര്‍, കുഞ്ഞികൃഷ്ണന്‍ മാലൂര്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ ഉപവാസപരിപാടി ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.