ഞങ്ങള്‍ ബഹുസ്വരതന്മാര്‍

Thursday 25 January 2018 2:45 am IST

ചര്‍വ്വിതചര്‍വ്വണക്കാരിയായ ചാനല്‍ ചാരുത ചിന്തോദ്ദീപകമായി ചോദിച്ചു :

''ദേശത്തെ ബഹുസ്വരതയ്ക്ക് ഭയങ്കര ഭീഷണിയല്ലേ ഏകത!?''

ദൃശ്യമാദ്ധ്യമത്തിന് അന്നും വാതമായിരുന്നു ; സംവാദം! 24ഃ365 എന്ന തോതിലാകുന്നു ദീര്‍ഘചതുരത്തിന്റെ ആഢ്യ ആതങ്കം! വട്ടംതിരിയുന്ന കാലചക്രമാണ് വാഗ്വാദത്തിന്റെ സ്ഥാപിത ചിഹ്നം ! പ്രതീകാത്മക അവതരണങ്ങളിലൂടെയത്രെ കാലഗതി അടയാളപ്പെടുക !

ചര്‍ച്ചയുടെ കടിഞ്ഞാണ്‍കാരനായ അസാമാന്യ ജീവി ബുദ്ധിപരമായി ചില സങ്കീര്‍ണ്ണ പദങ്ങള്‍ അമറി :

''അസ്തിത്വം, സ്വത്വം, ദാര്‍ശനികം, കോയ്മ, കാമന, ചോദന, അസഹിഷ്ണുത, നൈതികത, പ്രതിക്രിയ, ചെറ്റ.....''

പദവിന്യാസ കണ്ഠക്ഷോഭത്തില്‍ ഇടപെട്ട് അവതാരകാ മനോഹരി മന്ത്രിച്ചു:

''ഇനി വാക്യത്തില്‍ പ്രയോഗിക്കൂ സൈദ്ധാന്തികാ''.

ശീഘ്രം ദീക്ഷയെ തടവി ധിഷണാശാലി ധൈഷണികജ്ഞാനത്തെ വാചികമാക്കി:

''ജൈവികമായും ചരിത്രപരമായും മാനവര്‍ ബഹുസ്വരരാകുന്നു. ആകൃതിയിലും പ്രകൃതിയിലും വ്യത്യസ്തര്‍. രുചികളിലും അഭിരുചികളിലും പരസ്പരവിരുദ്ധര്‍.''

ഏത് ബൗദ്ധികനും ശ്വാസോച്ഛ്വാസം അനിവാര്യമാകയാല്‍ ഒരു ഇടവേളയ്ക്കു വിധേയനായി വാചാലന്‍ ഉജ്ജ്വലനായി തുടര്‍ന്നു:

''ദേശം എന്നതൊരു പ്രഹേളികയാണ്. ഏകത്വമെന്നത് കേവലം വിചിത്രമായൊരു സമസ്യ മാത്രം. അസഹിഷ്ണുക്കളായ ഏകതവാദക്കാര്‍ ബഹുസ്വരതയ്ക്ക് ഘോര ഭീഷണിതന്നെ. ഏകത്വത്തില്‍നിന്ന് നാനാത്വത്തിലേക്കുള്ള കുതിപ്പാണ് ആസുര കാലഘട്ടത്തിന്റെ ആവശ്യം, മറിച്ചല്ല!''

ശരിക്കും അതിശയിച്ചു ചാരത്തുള്ള ചാരുലതയും ചാനലിലെ ഇതര സംവാദികളും: ഒരു ബുദ്ധിജീവിക്ക് ഇത്രയും ബുദ്ധിയോ ! ബഹുസ്വരതയെ പിന്നെയും പിന്നെയും ബഹുവിധം വ്യവച്ഛേദ്യമാക്കാനുള്ള പാടവം ബഹുകേമം തന്നെ. 'ഏകത' എന്നുച്ചരിച്ചവനെക്കൊണ്ട് ഏത്തം ഇടീപ്പിച്ചതും ബഹുരസമായി. ബഹുസ്വരതയോളം ബഹുസരസമായി മറ്റെന്തുണ്ട്! തുലയട്ടേ ഏകത്വം !!

നിര്‍ഘോഷങ്ങളുടെ പരമകാഷ്ഠയില്‍, വിരാമവാങ്മയം എന്ന സംബോധനയോടെ ഒരു ഭരതവാക്യം സംവാദ പെട്ടിയില്‍ പ്രോജ്ജ്വലിച്ചു :

'ഏകത്വമൊരു മിഥ്യയും നാനാത്വമൊരു യാഥാര്‍ത്ഥ്യവും!

പതിവിന്‍പടി വഗ്‌ധോരണിയുടെ വിവശതയുമായിട്ടാണ് വിവേകി വീടു പൂകിയത്. അപ്പോള്‍ വാമഭാഗം വൃത്തമുഖത്തെ സമൃദ്ധിയായി വീര്‍പ്പിച്ച് വല്ലഭനു കാട്ടിക്കൊടുത്തു. 

സമകാലികജ്ഞാനി വിചിന്തിച്ചു:

'ഡെന്‍മാര്‍ക്കിലെന്തോ ചീഞ്ഞുനാറുന്നു'

ഇമ്മാതിരി ആംഗലേയ ഉദ്ധരണിക്ക് 'ഇന്ദ്രപ്രസ്ഥത്തില്‍ എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്ന' അയുക്തക വിവര്‍ത്തനം മതിയാകും.ഭാരതീയര്‍ അതില്‍ തൃപ്തരാകട്ടെ. പദാനുപദ പരിഭാഷ വസ്തുതാപരവും വിനാശകരവുമാകുന്നു ! തര്‍ജ്ജമ വ്യാകരണത്തോടേ നീതിപുലര്‍ത്തേണ്ടതുള്ളൂ ; ഏറിയാല്‍ ആശയത്തോടും ; അല്ലാതെ കാലദേശങ്ങളോടല്ല !

ലിംഗനീതിയുടെ അവബോധമില്ലാത്ത ഒരു മേല്‍കോയ്മക്കാരനായിരുന്നെങ്കില്‍ കാന്തയുടെ മോന്തയെ, വീര്‍പ്പിച്ചുകെട്ടിയ ബലൂണിനോട് സഹൃദയനായ പ്രതിഭാശാലി ഉപമിക്കുമായിരുന്നു. പക്ഷേ, കഥാനായകന്‍ പ്രാജ്ഞന്റെ ഉപബോധ മനസ്സില്‍ പോലും ഫെമിനിസം അനുസ്യൂതം നുരയുകയാല്‍ അതുണ്ടായില്ല.

നിരുദ്ധകണ്ഠയായിരുന്ന കുണ്ഠിതയപ്പോള്‍ പണ്ഡിതപതിയോട് പ്രചണ്ഡമായി പ്രഘോഷിച്ചു : 

''ഹേ മനുഷ്യാ, നമുക്ക് സന്തതികള്‍ നാലാണല്ലോ. വിളിച്ചാല്‍ വിളിക്ക് അപ്പുറത്താണ് നാലും ! ചതുരുപായങ്ങളായ സാമദാനഭേദദണ്ഡങ്ങള്‍ പ്രയോഗിച്ചാലും നാലും നാലുവഴിക്ക് പോയ്ക്കളയും. ഒന്ന് തെക്കോട്ട്, രണ്ടാമത്തേത് വടക്കോട്ട്, മൂന്നാമത്തേത് കിഴക്കോട്ട്, നാലാമത്തേത് പടിഞ്ഞാട്ട് എന്ന ക്രമത്തിലാവും പുറപ്പാട്. ബുദ്ധികൂര്‍മ്മത നിമിത്തം നിങ്ങളിനി പിള്ളേരുടെ ദിശ മാറ്റിയതുകൊണ്ട് കാര്യമില്ല ; പറഞ്ഞേക്കാം. ഒന്ന് മറ്റൊന്നുമായി രമ്യതപ്പെടില്ല. സമരസപ്പെടില്ല. ഐക്യപ്പെടില്ല. ഓരോന്നിനും അവനവന്റെ കാര്യം. വിരുദ്ധ മാര്‍ഗ്ഗങ്ങള്‍, വിപരീത ലക്ഷ്യങ്ങള്‍!'' 

പ്രിയതമയുടെ പ്രതിഷേധാഗ്നിയെ ശമിപ്പിക്കാന്‍ പ്രജ്ഞന്‍ പ്രിയതമന്‍ ഉടന്‍തന്നെ സന്താനങ്ങളോട് മൊഴിഞ്ഞു: 

''ഒറ്റക്കെട്ടായി കാര്യങ്ങള്‍ ചെയ്താലെ കുടുംബത്തില്‍ ഐശ്വര്യമുണ്ടാവൂ. ഇവിടെ ഏകത്വമാണ് മക്കളേ നമുക്കാവശ്യം. സമസ്തവും ഏകമാകണം !''

ബുദ്ധിജീവിയില്‍നിന്ന് കേവലമൊരു പിതാവിലേക്കുള്ള ജന്മദാതാവിന്റെ മാറ്റം പിള്ളേരെ ആശ്ചര്യപ്പെടുത്തി. അശാസ്ത്രീയമായ രൂപാന്തരം അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ ബുജിയോട് അസന്ദിഗ്ദ്ധം ഉരിയാടി: 

''ഞങ്ങള്‍ ബഹുസ്വരരാണെന്ന് മറക്കാതിരിക്കുക !''

അപ്പോള്‍, പിതൃത്വത്തിന്റെ ഏകത്വം തന്നെ മക്കള്‍ ചോദ്യം ചെയ്യുമോ എന്ന് ജീന്യസ്സിനു പുറമെ ഡാഡി കൂടിയായ  സംവാദക്കാരന്‍ ഭയങ്കരമായി ഭയപ്പെട്ടു.

കുട്ടികള്‍ ചാനലിലെ മാതിരി തല്‍ക്ഷണം ആരവം മുഴക്കി:

''ബഹുസ്വരത, ബഹുസ്വരത, ബഹുസ്വരത.....''   

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.