ഉപരിപഠനത്തിന് 21 സീറ്റ്; അപേക്ഷകർ എണ്ണൂറിലധികം

Thursday 25 January 2018 2:45 am IST

കോഴിക്കോട്: ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സിലെ വിദ്യാര്‍ഥികളോട് സര്‍ക്കാര്‍ അവഗണന. സംസ്ഥാനത്ത് സര്‍ക്കാര്‍ കോളേജുകളില്‍ നിന്ന് എണ്ണൂറോളം വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കുമ്പോള്‍ ഉപരിപഠനത്തിന് അവരം ലഭിക്കുന്നത് 21 പേര്‍ക്ക് മാത്രം. സ്റ്റൈപ്പന്റ് മുടങ്ങിയിട്ട് ഒന്നരവര്‍ഷം. ഒരുവര്‍ഷത്തെ നിര്‍ബന്ധിത സര്‍ക്കാര്‍ സേവനവും നിര്‍ത്തലാക്കി.

മൂന്നര വര്‍ഷമാണ് ജനറല്‍ നഴ്‌സിങ് പഠനകാലം. കേന്ദ്രസര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിക്കും ബിരുദത്തിന് തുല്യമാകാനും ജിഎന്‍എം കഴിഞ്ഞ് രണ്ടുവര്‍ഷത്തെ പോസ്റ്റ് ബി എസ്‌സി പാസാകണം. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ മാത്രമാണ് നിലവില്‍ ഈ കോഴ്‌സ് സര്‍ക്കാര്‍ നടത്തുന്നത്. അതും 21 സീറ്റ് മാത്രം. അതില്‍ ഒമ്പത് എണ്ണം സര്‍വ്വീസിലുള്ളവര്‍ക്കാണ്. ശേഷിക്കുന്നതില്‍നിന്നാണ് സംവരണവും മെരിറ്റും. സ്വകാര്യ നഴ്‌സിങ് കോളേജുകളില്‍ മൂന്ന് ലക്ഷത്തിലധികമാണ് പോസ്റ്റ് ബിഎസ്‌സി കോഴ്‌സ് ഫീസ്.

മാസം 700 രൂപയാണ് പെണ്‍കുട്ടികള്‍ക്ക് സ്റ്റൈപ്പന്റ.് 50 രൂപ യാത്ര ബത്ത ഉള്‍പ്പെടെ ആണ്‍കുട്ടികള്‍ക്ക് 750. കഴിഞ്ഞ ഒന്നര വര്‍ഷമായി സ്റ്റൈപ്പന്റ് ലഭിച്ചിട്ടില്ല. 16.36 കോടി രൂപ സ്റ്റൈപ്പന്റായി വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുണ്ട്. രാവിലെ 8 മുല്‍ ഉച്ചയ്ക്ക് ഒന്നുവരെ നഴ്‌സുമാരോടൊപ്പം ജോലിചെയ്യണം. രണ്ടു മുതല്‍ നാലുവരെ പഠനം. യൂണിഫോമിനായി വര്‍ഷത്തില്‍ 50 രൂപയാണ് അലവന്‍സ്. അതും ലഭിക്കുന്നില്ല. 17 കോളേജുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇവിടത്തെ ലേഡീസ് ഹോസ്റ്റലുകളില്‍ പലയിടത്തും സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. സെക്യൂരിറ്റിയോ വാര്‍ഡനോ ഇല്ല.

പഠനം കഴിഞ്ഞാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുവര്‍ഷം നിര്‍ബന്ധിത സേവനം വേണമെന്നാണ്. ഇതും ഇപ്പോള്‍ നല്‍കാറില്ല. പ്രവൃത്തി പരിചയം ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ ജോലി ലഭിക്കില്ല. എന്‍ആര്‍എച്ച്എം, ജില്ലാ മെഡിക്കല്‍ വിഭാഗം എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജിഎന്‍എംകാര്‍ക്ക് അര്‍ഹമായ നിയമനവും ലഭിക്കുന്നില്ല. ഈവര്‍ഷം ശബരിമലയില്‍ ഡ്യൂട്ടിക്ക് പോയ ആണ്‍കുട്ടികള്‍ക്ക് ഇതുവരെയും പണം നല്‍കിയിട്ടില്ല. 600 രൂപ വച്ച് 15 ദിവസത്തെ തുക ലഭിക്കാനുണ്ട്. 

സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.