തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം; തീ പടര്‍ന്നത് ചുറ്റുവിളക്കില്‍ നിന്നെന്ന് സൂചന

Thursday 25 January 2018 2:45 am IST

തിരുവില്വാമല: പൗരാണികവും പ്രസിദ്ധവുമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം അഗ്നിക്കിരയായി. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തില്‍ തീ പടര്‍ന്നുപിടിച്ചത്. ചുറ്റമ്പലത്തിന്റെ വടക്ക് - കിഴക്ക് ഭാഗങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മര ഉരുപ്പടികളും മേല്‍ക്കൂരയുമാണ് കത്തിനശിച്ചത്. എട്ടരയ്ക്ക് നടയടച്ചശേഷമാണ് ചുറ്റമ്പലത്തിന് മുകളില്‍ തീ കണ്ടത്. ഓടിക്കൂടിയ ഭക്തജനങ്ങളും നാട്ടുകാരും തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.  ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുമെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. അപ്പോഴേക്കും ചുറ്റമ്പലത്തിന്റെ പകുതിയോളം അഗ്നിക്കിരയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് ഉണ്ടായിരുന്നു. ഇതില്‍ നിന്നാകാം തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തില്‍ അന്വേഷണത്തിനെത്തിയ ഫോറന്‍സിക് സംഘം ഈ നിഗമനം ശരിവെച്ചു. തേക്കുതടികളിലും മറ്റും വര്‍ഷങ്ങളായി എണ്ണ, നെയ്യ് തുടങ്ങിയവ പുരണ്ടതിനാല്‍ വളരെ പെട്ടെന്ന് തീ ആളിപ്പിടിച്ചതാകാമെന്നും ഫോറന്‍സിക് സംഘം വിലയിരുത്തി. എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. 

ക്ഷേത്രത്തിലെ രഹസ്യ നിലവറകള്‍ക്ക് കാര്യമായ സുരക്ഷയില്ലാത്തത് വലിയ ആശങ്ക സൃഷ്ടിച്ചു. ഭക്തജനങ്ങള്‍ തീ പടര്‍ന്നതുകണ്ട് വെള്ളം പമ്പുചെയ്യാന്‍ ശ്രമിച്ചെങ്കിലും ക്ഷേത്രത്തിലെ മോട്ടോര്‍ കേടായിരുന്നു. പത്തുവര്‍ഷത്തോളമായി ക്ഷേത്ര ഉപദേശക സമിതിയുടെ പ്രവര്‍ത്തനവും ദേവസ്വം ബോര്‍ഡ് മരവിപ്പിച്ചിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥതയും കെടുകാര്യസ്ഥതയുമാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് ഭക്തജനങ്ങള്‍ കുറ്റപ്പെടുത്തി.

മന്ത്രി വി.എസ്.സുനില്‍കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല, ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം വി.കെ.വിശ്വനാഥന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ.സുദര്‍ശന്‍, കളക്ടര്‍ എ.കൗശികന്‍ തുടങ്ങിയവര്‍ ക്ഷേത്രം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.