ആഡംബരകാര്‍ നികുതിവെട്ടിപ്പ്; സിപിഎം അനുകൂലികളെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച്

Thursday 25 January 2018 2:45 am IST

കോഴിക്കോട്: അന്യസംസ്ഥാനങ്ങളില്‍ കാര്‍ രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ച സംഭവങ്ങളില്‍ കാരാട്ട് ഫൈസല്‍ അടക്കമുള്ളവരെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച്. സുരേഷ് ഗോപി എംപിക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് നയംമാറ്റി ഷോറൂമുകള്‍ക്കെതിരെ കേസെടുക്കാനാണ് പുതിയ നീക്കം. നികുതി വെട്ടിച്ച സംഭവങ്ങളില്‍ ഒമ്പത് ഷോറൂമുകള്‍ക്കെതിരെ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. സിപിഎമ്മുമായി അടുത്തബന്ധമുള്ളവരെ രക്ഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തകിടം മറിച്ചില്‍.

കരിപ്പൂര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ ഏഴാം പ്രതി യും കൊടുവള്ളി നഗരസഭയിലെ സിപിഎം അംഗവുമായ കാരാട്ട് ഫൈസലിനെതിരെ   ആഡംബരകാര്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പില്‍ ഇതുവരെ കേസെടുത്തില്ല. കാരാട്ട് ഫൈസലിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതായാത്രയില്‍ ഉപയോഗിച്ച മിനികൂപ്പര്‍ കാറിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍ ഹാജരാക്കാനായിരുന്നു വകുപ്പിന്റെ നിര്‍ദ്ദേശം. 

എന്നാല്‍ രേഖകള്‍ ഹാജരാക്കാതെ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു ഫൈസല്‍. സമയമനുവദിച്ചിട്ടും രേഖകള്‍ ഹാജരാക്കാതെ വന്നപ്പോള്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് കൊടുവള്ളി ജോയിന്റ് ആര്‍ടിഒ കത്തു നല്‍കിയിരുന്നു. ആഡംബരകാര്‍ അനധികൃതമായി ഓടിച്ചതിന് പിഴ അടക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസിന് പിഴ അടക്കാനാകില്ലെന്ന മറുപടിയാണ് ഫൈസല്‍ നല്‍കിയത്. ഇതില്‍ തുടര്‍നടപടിക്കായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് അയച്ച കത്തിലും നടപടികള്‍ ഉണ്ടായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.