വികാസ് യാത്ര; ക്‌നാനായ സഭ മേഖലാധ്യക്ഷനെ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു

Thursday 25 January 2018 2:45 am IST

റാന്നി: പത്തനംതിട്ട ജില്ലയിലെ വികാസ് യാത്രയുടെ രണ്ടാംദിവസമായ ഇന്നലെ റാന്നിയില്‍ ക്‌നാനായ സഭയുടെ മേഖലാധിപന്‍ കുര്യാക്കോസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ റാന്നി ഭദ്രാസനത്തിലെത്തി സന്ദര്‍ശിച്ചു. മുക്കാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ ജില്ലയുടെ വികസനപ്രക്രിയയില്‍ ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും സജീവ ഇടപെടല്‍ ഉണ്ടാവണമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. 

ശബരിമലയെ അടിസ്ഥാനമാക്കി പത്തനംതിട്ടയുടെ വികസനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നാണ് മെത്രോപ്പോലീത്ത മുന്നോട്ടുവച്ച പ്രധാന നിര്‍ദ്ദേശം. റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാനും, പമ്പയുടെ ശോചനീയാവസ്ഥ പരിഹരിക്കാനും ഇടപെടലുകള്‍ ഉണ്ടാവണമെന്നും റാന്നിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ശ്രമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടേയും ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഉണ്ടാവുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഉറപ്പുനല്‍കി. 

സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, പത്തനംതിട്ട ജില്ല അധ്യക്ഷന്‍ അശോകന്‍ കുളനട, ജനറല്‍ സെക്രട്ടറി ഷാജി.ആര്‍. നായര്‍, ആലപ്പുഴ ജില്ല അധ്യക്ഷന്‍ കെ. സോമന്‍, സംസ്ഥാന കമ്മറ്റി അംഗം ടി.ആര്‍. അജിത്കുമാര്‍, റാന്നി മണ്ഡലം പ്രസിഡന്റ് ഷൈന്‍.ജി. കുറുപ്പ് എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വികാസ് യാത്രയോടനുബന്ധിച്ച് റാന്നിയില്‍ പൗരപ്രമുഖരുമായും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കൂടിക്കാഴ്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.