മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയില്‍

Thursday 25 January 2018 2:45 am IST

ചെറുപുഴ(കണ്ണൂര്‍): പാടിയോട്ടുചാല്‍ ചന്ദ്രവയലില്‍ മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാടിയോട്ടുചാല്‍ ടൗണിലെ ബാര്‍ബര്‍ തൊഴിലാളി കൊളങ്ങരവളപ്പില്‍ രാഘവന്‍ (54), ഭാര്യ ശോഭ (45), മകള്‍ കെ.വി. ഗോപിക(19) എന്നിവരാണ് മരിച്ചത്. ഗോപികയെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലും മാതാപിതാക്കള്‍ അതേ മുറിയില്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. ഇവരുടെ മകന്‍ ജിതിനെ(23) കഴിഞ്ഞ സപ്തംബറില്‍ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 

മികച്ച ഹാന്‍ഡ് ബോള്‍ താരവും സംസ്ഥാന ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ടീമംഗവുമായ ഗോപിക ഇപ്പോള്‍ തൃശൂര്‍ വിമല കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞദിവസമാണ് ചന്ദ്രവയലിലെ വീട്ടിലെത്തിയത്. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ മകന്റെ മരണത്തില്‍ ഏറെ നിരാശനായിരുന്നു രാഘവന്‍. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ജിതിന്‍. 

കഴിഞ്ഞ മാസം പഞ്ചാബില്‍ നടന്ന ദേശീയ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗോപിക കൂട്ടുകാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു. പോലീസിനും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഉള്‍പ്പെടെ വെവ്വേറെ കത്തെഴുതി വെച്ചശേഷമാണ് ഇവര്‍ ജീവനൊടുക്കിയത്. 

വീട്ടിലുള്ളവരെ പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് രാവിലെ പതിനൊന്നോടെ അയല്‍വാസികളെത്തി അന്വേഷിച്ചപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞ് ചെറുപുഴ എസ്.ഐ പി. സുകുമാരന്‍, പെരിങ്ങോം എസ്. ഐ മഹേഷ് കെ. നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.