ഫെഡറര്‍, ഹാലെപ്, കെര്‍ബര്‍ സെമിയില്‍

Thursday 25 January 2018 2:45 am IST

മെല്‍ബണ്‍: റോജര്‍ ഫെഡറര്‍, ഹാലെപ്പ്, കെര്‍ബര്‍എന്നിവരും അവസാന നാലില്‍ ഇടംനേടിയതോടെ ഒാസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ലൈനപ്പ് പൂര്‍ത്തിയായി. നിലവിലെ ചാമ്പ്യനും സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിള്‍സ് സെമിയില്‍. ഇന്നലെ നടന്ന ക്വാര്‍ട്ടറില്‍ രണ്ടാം സീഡ് ഫെഡറര്‍ 19-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് അവസാന നാലിലൊന്നായത്. സ്‌കോര്‍: സ്‌കോര്‍- 7-6 (7-1), 6-3, 6-4. അഞ്ച് തവണ കിരീടം നേടിയ ഫെഡററുടെ തുടര്‍ച്ചയായ മൂന്നാം സെമിയാണിത്. 

ആദ്യ സെറ്റില്‍ മാത്രമാണ് ഫെഡറര്‍ അല്‍പ്പമെങ്കിലും വെല്ലുവിളി നേരിട്ടത്. ഒരുഘട്ടത്തില്‍ 4-5ന് പിന്നിലായിരുന്ന ഫെഡറര്‍ ഉജ്ജ്വലമായി തിരിച്ചെത്തി ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഫെഡറര്‍ക്കുമുന്നില്‍ ബെര്‍ഡിച്ച് തികച്ചും നിഷ്പ്രഭനായിപ്പോകുകയായിരുന്നു. മൂന്നാം സെറ്റില്‍ തിരിച്ചുവരാന്‍ ചെക്ക് താരം ശ്രമിച്ചെങ്കിലും, ഫെഡററുടെ ക്ലാസ്സ് പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. സെമിയില്‍ സീഡില്ലാത്ത ദക്ഷിണകൊറിയന്‍ താരം ഹിയോന്‍ ചുങ്ങാണ് ഫെഡററുടെ എതിരാളി. അമേരിക്കയുടെ ടെന്നിസ് സാന്‍ഡ്‌ഗ്രെനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് ഹിയോന്‍ സെമിയിലേക്ക് യോഗ്യത നേടിയത്. ഇതോടെ ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ദക്ഷിണ കൊറിയന്‍ താരമെന്ന ബഹുമതിയും ഹിയോന്‍ സ്വന്തമാക്കി. നാലാം റൗണ്ടില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ അട്ടിമറിച്ച പ്രകടനം ക്വാര്‍ട്ടറും ഹിയോന്‍ ചുങ് തുടര്‍ന്നു. രണ്ടാം സെമിയില്‍ മാരിന്‍ സിലിച്ച് ഇംഗ്ലണ്ടിന്റെ കെയ്ല്‍ എഡ്മണ്ടിനെ നേരിടും.

വനിതാ വിഭാഗത്തില്‍ ഇന്നലെ നടന്ന മത്സരങ്ങള്‍ വിജയിച്ച് ഒന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലപ്പ്, 21-ാം സീഡ് ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബര്‍ എന്നിവരും സെമിയിലെത്തി. ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെ 6-3, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിമോണ സെമിയിലേക്ക് കുതിച്ചത്. 17-ാം സീഡ് അമേരിക്കയുടെ മാഡിസണ്‍ കെയ്‌സിനെ 6-1, 6-2 എന്ന ക്രമത്തില്‍ തകര്‍ത്താണ് കെര്‍ബറുടെ സെമി പ്രവേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.