മകന്‍ പറയുമെന്ന് അച്ഛന്‍, അച്ഛന്‍ പറയുമെന്ന് മകന്‍

Thursday 25 January 2018 2:45 am IST

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ബിനോയ് തന്നെ വിശദമാക്കുമെന്ന് അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അച്ഛന്‍ പറയുമെന്ന് മകനും. വിവാദ സാമ്പത്തിക ഇടപാടിനെക്കുറിച്ച് ഇന്നലെ പത്രസമ്മേളനങ്ങളിലാണ് ഇരുവരും പരസ്പരം ചാരി രക്ഷപ്പെടാന്‍ ശ്രമിച്ചത്. 

തനിക്കെതിരെ യാതൊരു പരാതിയുമില്ല. 2014ല്‍ നടന്ന ഇടപാടില്‍ കടം വാങ്ങിയിരുന്നു. അതില്‍ മൂന്നില്‍ രണ്ട് കടവും കൊടുത്ത് തീര്‍ത്തു. ബിസിനസ് പങ്കാളി രാഹുല്‍ കൃഷ്ണ ചതിക്കുകയായിരുന്നു. കൊടുത്ത തുക രാഹുല്‍ കമ്പനിയില്‍ അടച്ചില്ല. അതിന്റെ പേരില്‍ കേസുണ്ടായി. കഴിഞ്ഞ നവംബര്‍ 4ന് കോടതിയില്‍ ഹാജരാവുകയും ചെയ്തു. തനിക്ക് യുഎഇയില്‍ ബിസിനസ് ഉണ്ട്. യുഎഇയില്‍ പോകുന്നതിന് വിലക്കുമില്ല.  മതിയായ രേഖകള്‍ ഉടന്‍ തന്നെ ദുബായ് കോടതിയില്‍ നല്‍കും. ആരോപണം രാഷ്ട്രീയ പ്രേരിതമാണോ എന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. അച്ഛന്‍ വിശദാംശങ്ങളുമായി മാധ്യമങ്ങളെ കാണും. ബിനോയ് പറഞ്ഞു. 

സാമ്പത്തിക തട്ടിപ്പ് ആരോപണത്തിന് മകന്‍ തന്നെ മറുപടി പറയുമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. നിലവില്‍ ബിനോയിക്കെതിരെ പരാതിയില്ല. ഇക്കാര്യത്തില്‍ നിയമനടപടിക്ക് വിധേയനാകാന്‍ തയ്യാറാണ്. പാര്‍ട്ടി പ്രശ്‌നമല്ലാത്തതിനാല്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ല. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.