സിപിഎമ്മിലെ വിവാദ മക്കൾ

Thursday 25 January 2018 2:45 am IST

കണ്ണൂര്‍: എല്ലാ കാലത്തും സിപിഎമ്മിലെ പല നേതാക്കളുടെയും മക്കളുടെയും ആഡംബര ജീവിതവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പലപ്പോഴും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. 

കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ് കോടിയേരി കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ എസ്എഫ്‌ഐ നേതാവായി, നിരവധി അക്രമക്കേസുകളില്‍ പ്രതിയായി. പിന്നീട് സിനിമാരംഗത്തും ബിസിനസ് രംഗത്തും എത്തിയതോടെ നിരവധി വിവാദങ്ങളുയര്‍ന്നു. കിളിരൂര്‍ പീഡന കേസിലുള്‍പ്പെടെ പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു. കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് മൂത്തമകന്‍ ബിനോയിയുടെ വിവാഹച്ചടങ്ങിന്റെ ആര്‍ഭാടവും അവിടെയെത്തിയ കളങ്കിതരുടെ നിരയുമൊക്കെ വാര്‍ത്തയായി.

കണ്ണൂര്‍ എംപിയും സിപിഎം കേന്ദ്രക്കമ്മറ്റിയംഗവുമായ പി.കെ.ശ്രീമതിയുടെ മകന്‍ സുധീര്‍ രാഷ്ട്രീയസ്വാധീനം ബിസിനസ് രംഗത്ത് ഉപയോഗപ്പെടുത്തിയതാണ് വിവാദമായത്. കോട്ടയത്ത് മിലിട്ടറി റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ പേരില്‍ വന്‍ സാമ്പത്തിക അഴിമതി നടത്തിയതായി ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നു. ഇ.പി. ജയരാജന്‍ എംഎല്‍എയുടെ ഭാര്യാസഹോദരിയാണ് ശ്രീമതി. ജയരാജന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കിടയാക്കിയ ബന്ധു നിയമനവുമായി സുധീര്‍ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കി. ശ്രീമതി ആരോഗ്യ മന്ത്രിയായിരുന്നപ്പോള്‍ മകന്റെ ഭാര്യയെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതും വിമര്‍ശനങ്ങള്‍ക്കിടയാക്കി.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്റെ മകന്‍ ആഷിഷ് പി. രാജിന്റെ പ്രവര്‍ത്തനങ്ങളും വിവാദമുയര്‍ത്തിയിരുന്നു. കൈയില്‍ നിന്നും ബോംബ് പൊട്ടിയ കേസിലടക്കം പ്രതിയാണ്. അടുത്തിടെ പോലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതും ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും ആരോപണങ്ങളുയര്‍ന്നിരുന്നു. മകന്‍ വിവേക് കിരണ്‍ വിദേശത്ത് വിദ്യാഭ്യാസം നേടിയതും മകള്‍ വീണ സ്വാശ്രയ സ്ഥാപനമായ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം നടത്തിയതും ചര്‍ച്ചയായി. ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ മകന്റെ വിദേശപഠനവും വിമര്‍ശന വിധേയമായി.

മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മക്കളും ഇക്കാര്യത്തില്‍ മുമ്പിലാണ്. മകന്‍ അരുണ്‍കുമാറിന് അനര്‍ഹമായി പിഎച്ച്ഡിയും പൊതുമേഖലാ സ്ഥാപനത്തിന്റെ ഉന്നത ഔദ്യോഗിക പദവി തരപ്പെടുത്തിക്കൊടുത്തുവെന്നുമുള്ള ആരോപണമായിരുന്നു വിഎസിനെതിരേ ഉയര്‍ന്നത്. മന്ത്രി കെ.കെ. ശൈലജയുടെ മകന്‍ കണ്ണൂര്‍ വിമാനത്താവളത്തിലെ സാങ്കേതിക വിഭാഗത്തില്‍ ഉന്നത ജോലി കരസ്ഥമാക്കിയതും വിവാദമായി. 

മകനെയും രണ്ടു മരുമക്കളെയും സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും കയറ്റിയിരുത്തിയതിന്റെ പേരില്‍ ഇഎംഎസ് നമ്പൂതിരിപ്പാടും വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഓഫീസ് പൊതുമേഖലാ സ്ഥാപനങ്ങളോട് മകന്റെ പരസ്യഏജന്‍സിക്ക് പരസ്യങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഉത്തരവുകള്‍ ഇറക്കിയതിന്റെ പേരിലും വിവാദങ്ങളുയര്‍ന്നിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.