ചവറ എം‌എല്‍‌എയുടെ മകനെതിരെയും സാമ്പത്തിക തട്ടിപ്പ് കേസ്

Thursday 25 January 2018 11:28 am IST

കൊല്ലം: സിപി‌എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ മറ്റൊരു സിപി‌എം നേതാവിന്റെ മകനെതിരെയും കോ‍ടികളുടെ തട്ടിപ്പ് വിവരങ്ങള്‍ പുറത്തയി.  ചവറ എം‌എല്‍‌എ വിജയൻപിള്ള  മകന്‍ ശ്രീജിത്തിനെതിരെയാണ് 11 കോടിയുടെ തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്.

ദുബായ് കമ്പനിയിൽ നിന്ന് ബിനോയ് കോടിയേരിക്കു പണം വാങ്ങി നൽകിയ കമ്പനിയുടെ പാർട്ണറായ മാവേലിക്കര സ്വദേശി രാഹുൽ കൃഷ്ണനാണ് ശ്രീജിത്തിനും പണം വാങ്ങി നൽകിയത്. രാഹുൽ കൃഷ്ണന്റെ പരാതിയിൽ ചവറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദുബായിലെ ടൂറിസം കമ്പനിയിൽ നിന്ന് പലപ്പോഴായി വാങ്ങിയ 11 കോടി രൂപ മടക്കിനൽകിയില്ലെന്നാണ് കേസ്. ശ്രീജിത്ത് 11 കോടിയുടെ ചെക്ക് ദുബായിൽ ബാങ്കിൽ സമർപ്പിച്ചെങ്കിലും മടങ്ങി. ഈ കേസിൽ ദുബായ് കോടതി ശ്രീജിത്തിനെ രണ്ടു വർഷം തടവിന് ശിക്ഷിച്ചെങ്കിലും വിധി വരും മുൻപേ ശ്രീജിത് നാട്ടിൽ വന്നു.

പണം ആവശ്യപ്പെട്ട് രാഹുലും ബന്ധുക്കളും സമീപിച്ചപ്പോൾ ഉടൻ തീർപ്പാക്കാമെന്നു എൻ. വിജയൻപിള്ള എംഎൽഎ പറഞ്ഞെങ്കിലും നടന്നില്ലെന്നും രാഹുൽ കൃഷ്ണന്റെ പരാതിയിൽ പറയുന്നു. കോടിയേരിയുടെ മകനും വിജയൻപിള്ളയുടെ മകനും ഹസൻ ഇസ്മയിൽ അബ്ദുല്ല അൽ മർസൂഖി എന്നയാളുടെ ഉടമസ്ഥതയിലുള്ള ജാസ് ടൂറിസം കമ്പനിയിൽ നിന്നാണ് പണം കടംവാങ്ങിയത്. ഇതേ കമ്പിനിയിലെ ജീവനക്കാരനായ രാഹുൽ കൃഷ്ണനായിരുന്നു ഇടനിലക്കാരൻ.

തന്റെ മകൻ ശ്രീജിത്ത് ഇങ്ങനെയൊരു ഇടപാട് നടത്തിയതായി അറിയില്ലെന്നാണ് വിജയന്‍ പിള്ളയുടെ നിലപാട്. അവനു പണം നൽകിയെന്നു പറയുന്നവർ എന്നെ വന്നു കണ്ടിരുന്നു. നിങ്ങൾ തമ്മിൽ തീർത്തോ, അവന്റെ ബിസിനസുമായി എനിക്കു ബന്ധമില്ല എന്നു പറഞ്ഞു അവരെ മടക്കി അയയ്ക്കുകയായിരുന്നുവെന്നും വിജയൻപിള്ള പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.