അയല്‍ക്കൂട്ടം തെരഞ്ഞെടുപ്പില്‍ ക്രമക്കേടെന്ന്

Friday 26 January 2018 2:00 am IST

 

നെടുമങ്ങാട്: നഗരസഭയ്‌ക്കൊപ്പം വാര്‍ഡിലെ അയല്‍കൂട്ടം തെരഞ്ഞെടുപ്പിലും വ്യാപകമായ ക്രമക്കേട് നടന്നെന്നു കാട്ടി ജില്ലാ കുടുംബശ്രീ മിഷനും കളക്ടര്‍ക്കും പരാതി. അംഗീകാരമുള്ള നാല് അയല്‍കൂട്ടങ്ങളെ അവസാനനിമിഷം തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കി. ഈ യൂണിറ്റുകളില്‍ നിന്നായിരുന്നു മത്സരിക്കാന്‍ അംഗങ്ങള്‍ തയ്യാറായത്. ഇതു സംബന്ധിച്ച് വരണാധികാരിയ്ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുംബശ്രീയിലെ അംഗങ്ങള്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. 

തണല്‍, അഭയ, മയൂരി, കൊല്ലവിളാകം എന്നീ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളില്‍ പെട്ടവരാണ് പരാതിക്കാര്‍. തെരഞ്ഞെടുപ്പിന് ഏറ്റവും കുറഞ്ഞത് 53 വോട്ടര്‍മാര്‍ വേണ്ടടത്ത് 47 പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് ചോദ്യംചെയ്തിട്ടും വരണാധികാരി കൂട്ടാക്കിയില്ലത്രെ. കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്ന നാല് കുടുംബശ്രീകളെ ഫാം പൂരിപ്പിച്ചതില്‍ തെറ്റുണ്ടെന്ന് കാട്ടിയാണ് ഒഴിവാക്കിയത്. ഇവിടത്തെ എഡിഎസ് ചെയര്‍പേഴ്‌സണെ അകാരണമായി മാറ്റിനിര്‍ത്താന്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെ മാസങ്ങള്‍ക്ക് മുമ്പ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം. പട്ടിക ജാതിക്കാര്‍ ഉള്‍പ്പെട്ട കുടുംബശ്രീ യൂണിറ്റിന് അംഗീകാരം കൊടുക്കാത്തതിനെക്കുറിച്ചും നേരത്തെ പരാതി നല്‍കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഇപ്പോള്‍ കുടുംബശ്രീ മിഷനും കളക്ടര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. 

എന്നാല്‍ കൊപ്പം വാര്‍ഡിലെ കുടുംബശ്രീ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് കൗണ്‍സിലര്‍ റിഹായനത്ത് ബീവി അറിയിച്ചു. സാമ്പത്തികക്രമക്കേടുകള്‍ നടത്തുകയും കൃത്യമായ മിനിറ്റ്‌സുകള്‍ സൂക്ഷിക്കുകയും ചെയ്യാത്ത യൂണിറ്റുകളുടെ അംഗീകാരം ഒഴിവാക്കുക മാത്രമാണ് ചെയ്തത്. ഇതിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍  യാതൊരു കഴമ്പുമില്ലെന്നും റഹിയാത്ത് ബീവി പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.