പോസ്റ്റല്‍വകുപ്പിന്റെ ഓഫീസ് പൂട്ടി സീല്‍ചെയ്തു

Friday 26 January 2018 2:00 am IST

 

തിരുവനന്തപുരം: വാടകകുടിശ്ശികയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പോസ്റ്റല്‍ അക്കൗണ്ട്‌സ് ഡയറക്ടറുടെ ഓഫീസ് മേയര്‍ നേരിട്ടെത്തി പൂട്ടി സീല്‍ചെയ്തു. നഗരസഭയുടെ പ്രധാന കെട്ടിടത്തിന് സമീപത്തെ അനക്‌സില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റല്‍ അക്കൗണ്ട്‌സ് ഡയറക്ടറുടെ ഓഫീസുകളിലൊന്നാണ് പൂട്ടി സീല്‍ചെയ്തത്. ഇതോടെ നിരവധി ഫയലുകള്‍ പുറത്തെടുക്കാനാകാതെ ജീവനക്കാര്‍ ബുദ്ധമുട്ടിലായി. 

കഴിഞ്ഞദിവസം വൈകിട്ടാണ് മേയറുടെ സാന്നിധ്യത്തില്‍  നഗരസഭാസെക്രട്ടറി എല്‍.എസ്. ദീപ, റവന്യൂഓഫീസര്‍ വി.ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓഫീസ് പൂട്ടിയത്. 9,29,811 രൂപ വാടകകുടിശ്ശികയിനത്തില്‍ നല്‍കാനുണ്ടെന്നും നിരവധിതവണ നോട്ടീസ് നല്‍കിയിട്ടും മറുപടി ലഭിച്ചില്ലെന്ന് നഗരസഭ പറയുന്നു. പഴയനിരക്കില്‍ വാടക കൃത്യമായി നല്‍കുന്നുണ്ടെന്നും 2012ല്‍ വര്‍ധിപ്പിച്ച നിരക്ക് മാത്രമാണ് കുടിശ്ശികയായിട്ടുള്ളതെന്നും പോസ്റ്റല്‍വകുപ്പും പറയുന്നു. ഇക്കാര്യം നഗരസഭയും സമ്മതിക്കുന്നു. നോട്ടീസിന് തങ്ങള്‍ അല്ല മറുപടി പറയേണ്ടതെന്നും ജിപിഒക്ക് അയയച്ചിട്ടുണ്ടെന്നും പോസ്റ്റല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

പോസ്റ്റല്‍ ഓഫീസില്‍ മുമ്പ് കാന്റീന്‍ പ്രവര്‍ത്തിച്ചിരുന്ന ഭാഗമാണ് പൂട്ടിയത്. കാന്റീന് ലൈസന്‍സ് റദ്ദയാതോടെ ഈ ഭാഗം ഓഫീസാക്കി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഓഫീസ് സീല്‍ ചെയ്യാനെത്തിയ മേയര്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തി. തന്നെകണ്ട് എണീക്കാത്തതെന്ത് എന്നു പറഞ്ഞ് ജീവനക്കാരിയോട് മേയര്‍ കയര്‍ത്തു. ക്ഷുഭിതനായ മേയര്‍ ഫയലുകള്‍ പുറത്തേക്ക് എറിയുമെന്നും ആക്രോശിച്ചു. മേയര്‍ വന്നത് അറിഞ്ഞിരുന്നില്ലെന്നും അംഗവൈകല്യമുള്ളതിനാലാണ് പെട്ടെന്ന് എണീക്കാത്തതെന്നും ജീവനക്കാരി പറഞ്ഞു. ഓഫീസ്‌സീല്‍ ചെയ്ത നടപടിക്കെതിരെ ജീവനക്കാര്‍ പ്രതിഷേധയോഗം ചേര്‍ന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.