ഷോപ്പിംഗ് കോംപ്ലക്‌സിലെ പാര്‍ട്ടി ഓഫീസ് പൂട്ടിയില്ല

Friday 26 January 2018 2:00 am IST

 

തിരുവനന്തപുരം: വാടകകുടിശ്ശകയുടെ പേരില്‍ പോസ്റ്റല്‍ വകുപ്പിന്റെ ഓഫീസ്പൂട്ടിയ മേയര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുമല ഷോപ്പിംഗ് ക്ലോംപ്ലക്‌സില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിഓഫീസിന് പൂര്‍ണപിന്തുണ നല്‍കുന്നു.   ഈ പാര്‍ട്ടി ഓഫീസിന് ഷോപ്പിംഗ് കോംപ്ലക്‌സിലെ മുറി നല്‍കിയിട്ടില്ലെന്ന് നഗരസഭയുടെ വിവരാവകാശരേഖ വ്യക്തമാക്കുന്നു.

പാര്‍ട്ടിഓഫീസ് പ്രവര്‍ത്തിക്കുന്ന കടമുറി ദേവകുമാര്‍ എന്ന വ്യക്തിക്കാണ് വാടകയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് വിവരാവകാശരേഖയില്‍ പറയുന്നു. നിരവധി തവണ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ വിഷയം ഉന്നയിച്ചപ്പോഴൊക്കെ മേയറടക്കമുള്ളവര്‍ വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരിന്നു. പാര്‍ട്ടിഓഫീസ് ഒഴിപ്പിക്കുന്നതിനോ കടമുറി വാടകയ്ക്ക് എടുത്തശേഷം മറിച്ചു നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ മേയര്‍ തയ്യാറായിട്ടില്ല.  

തിരുമല ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിയമവിരുദ്ധമായി പാര്‍ട്ടിഓഫീസ് പ്രവര്‍ത്തിക്കുന്നതിനെതിരെ മറ്റു വ്യാപാരികള്‍ പരാതിപ്പെട്ടിരുന്നു. പാര്‍ട്ടിപ്രവര്‍ത്തകര്‍ ഇവിടെ തമ്പടിച്ചിരിക്കുന്നതിനാല്‍ സമീപത്തെ വ്യാപാരികള്‍ക്ക് വളരെയധികം ബുദ്ധമുട്ട് അനുവഭപ്പെടുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് വരാതെ മറ്റ് കടകളിലേക്ക് പോകുന്നു. നഗരസഭയുടെ പല കെട്ടിടങ്ങളും വ്യക്തികളുടെ പേരില്‍ വാടകയ്ക്ക് എടുത്തശേഷം പാര്‍ട്ടിഓഫീസായി പ്രവര്‍ത്തിക്കുന്നു. പേരൂര്‍ക്കടയിലെ ഷോപ്പിംഗ് കോംപ്ലക്‌സ്, ശ്രീവരാഹം ചന്തയിലെ കടമുറി, ഉള്ളൂര്‍ ഗസ്റ്റ്ഹൗസ് എന്നിവിടങ്ങളിലും നിയമവിരുദ്ധമായി പാര്‍ട്ടിഓഫീസുകള്‍ പ്രവര്‍ത്തിക്കുകയാണ്.

കുറഞ്ഞ നിരക്കില്‍ കടമുറികള്‍ ലഭ്യമാകാതെ സാധാരണക്കാരായ വ്യപാരികള്‍ പരക്കംപായുമ്പോഴാണ് നഗരസഭയുടെ കടമുറികള്‍ പാര്‍ട്ടി സഖാക്കള്‍ കൈയ്യേറിയിരിക്കുന്നത്. ശ്രീവരാഹത്തെ മാര്‍ക്കറ്റിലെ കടമുറിയില്‍ പാര്‍ട്ടിഓഫീസ് പ്രവര്‍ത്തിക്കുന്നതിനാല്‍ ബയോകമ്പോസ്റ്റ് പ്ലാന്റ്സ്ഥാപിക്കാന്‍ അനുവദിക്കുന്നില്ല. നിരവധിതവണ വാര്‍ഡ് കൗണ്‍സിലര്‍ മേയറോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.