ജലാശയങ്ങളില്‍ വിഷം കലര്‍ത്തി മീന്‍പിടിത്തം

Friday 26 January 2018 2:01 am IST

 

കുട്ടനാട്: കുട്ടനാട്ടിലെ പൊതുജലാശയങ്ങളില്‍ മീന്‍പിടിക്കാന്‍ വിഷപ്രയോഗം നടത്തുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്നു.  രാത്രിയുടെ മറവില്‍ വലിയ വള്ളങ്ങളിലെത്തുന്നവര്‍ വേഗത്തില്‍ വന്‍തോതില്‍ മത്സ്യം പിടിക്കുന്നതിനാണ്  വിഷം കലര്‍ത്തുന്നത്. 

  മരണ വെപ്രാളത്തോടെ പായുന്ന വലുതും ചെറുതുമായ മീനുകള്‍ വലയില്‍ കുടുങ്ങും. പുഞ്ച കൃഷിയിറക്കിയിട്ടുള്ള പാടശേഖരങ്ങളില്‍ വന്‍തോതില്‍ കീടനാശിനി പ്രയോഗം നടത്തുന്നതിനാല്‍ അവിടെ നിന്നും പമ്പു ചെയ്യുന്ന വിഷലിപ്തമായ വെളളം പൊതു ജലാശയങ്ങളിലേക്കാണ് വരുന്നത്. ഇവിടെ കുളിക്കുന്നവര്‍ക്ക് ശരീരത്ത്  ചൊറിച്ചിലും വ്രണങ്ങളും ഉണ്ടാകുന്നു.

  ഇക്കുറി മഴയുടെ അളവ് കുറഞ്ഞതോടെ നദികളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് വളരെ കുറഞ്ഞു. ആറുകളിലും തോടുകളിലും നിറഞ്ഞു കിടക്കുന്ന പായലുകള്‍ ഒഴുകി മാറാനും പ്രയാസം. 

  പാടശേഖരങ്ങളിലും, കായലുകളിലും പുഞ്ച കൃഷിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ അവിടെ നിന്നുള്ള പായലുകളും മറ്റ് പാഴ്‌ചെടികളും പൊതു ജലാശയങ്ങളിലേക്കാണ് തള്ളിവിടുന്നത്.കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന കുട്ടനാട്ടില്‍ പലയിടങ്ങളിലും മലിനജലമാണ് ഉപയോഗിക്കുന്നത്.

  ഇതിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കി ജനങ്ങള്‍ മടുത്തു. ജലാശയങ്ങളില്‍ വിഷം കലക്കുന്നവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.