കരിംകുറിഞ്ഞി

Friday 26 January 2018 2:30 am IST

ശാസ്ത്രീയ നാമം: Nilgirianthus heynaenus

സംസ്‌കൃതം : സൈരേയമൂലം, സഹചരം

തമിഴ് : കരിംകുറിഞ്ഞി

എവിടെ കാണാം:  ഇന്ത്യയില്‍ ഉടനീളം

പ്രത്യുത്പാദനം: തണ്ട് മുറിച്ച് നട്ട്

 

ഔഷധ പ്രയോഗങ്ങള്‍: 

വാതരോഗത്തിനും ത്വക് രോഗത്തിനും ഉണ്ടാക്കുന്ന മരുന്നുകളില്‍ കരിംകുറിഞ്ഞി ഉപയോഗിക്കുന്നു

മുടി നരയ്ക്ക് ഉപയോഗിക്കാന്‍ ലേപനം. താമരക്കുളത്തിലെ കറുത്ത ചെളി, കരിംകുറിഞ്ഞി പൂവ്, നെല്ലിക്ക, കയ്യുണ്യം, നീര്‍മരുതിന്‍ പൂവ്, ഇവയെല്ലാം സമം(25 ഗ്രാം) ഉണക്കി പൊടിച്ച് താമരകുളത്തിലെ ചെളിയും  ഒരു ലിറ്റര്‍ എള്ളെണ്ണയും ചേര്‍ത്ത് ഇരുമ്പ് ചീനച്ചട്ടിയില്‍ എല്ലാത്തിന്റെയും എട്ട് ഇരട്ടി വെള്ളത്തില്‍ തിളപ്പിച്ച് വെള്ളം വറ്റി കുഴമ്പ് രൂപം ആകുമ്പോള്‍ വാങ്ങുക. ഇരുമ്പ് പാത്രത്തില്‍ അടച്ച് ഇത് 41 ദിവസം നെല്ലില്‍ കുഴിച്ചിടുക(ധാന്യ സ്ഫുടം ചെയ്യുക). ഇത് തലയില്‍ തേച്ചു പിടിപ്പിച്ച് എരിക്കിന്റെ ഇലകൊണ്ട് പൊതിഞ്ഞ് വയ്ക്കുക. ഇപ്രകാരം 7 ദിവസം ചെയ്താല്‍ തലമുടി കറുക്കും. 

മുട്ടുവേദന മാറുന്നതിന് കരിംകുറിഞ്ഞി  വേര്, ഇരട്ടി മധുരം, ചിറ്റമൃത്, ദേവതാരം, നെല്ലിക്ക തൊണ്ട്, കടുക്ക തൊണ്ട്, താന്നിക്കതൊണ്ട്, കരിനൊചി വേര്, മുത്തങ്ങ കിഴങ്ങ്, കുറുന്തോട്ടി വേര്, വെളുത്തആവണക്കിന്‍ വേര്, തഴുതാമ വേര്, ശതകുപ്പ, ചുക്ക്, വെളുത്തുള്ളി  ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലി ആയി വറ്റിച്ച് 100 മില്ലി വീതം ഇന്തുപ്പും പത്ത് തുള്ളി എള്ളെണ്ണയും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക. ഇപ്രകാരം ഒരു മാസം സേവിച്ചാല്‍ മുട്ട് വേദനയും നീരും മാറും. 

മുട്ടുവേദനയ്ക്ക് കുഴമ്പ്: കരിംക്കുറിഞ്ഞി വേര്, വെളുത്തുള്ളി, ഇരട്ടി മധുരം, മുരിങ്ങത്തൊലി, ദേവതാരം, കുറുന്തോട്ടി വേര്, ചിറ്റമൃത് ഇവ സമം കാടിവെള്ളത്തില്‍ പുഴുങ്ങി അരച്ച് ഇന്തുപ്പ്, വെണ്ണ നെയ്യ്,    ആവണക്കെണ്ണ ഇവ കൂട്ടി കുഴച്ച്   കാല്‍ മുട്ടില്‍ തേയ്ക്കുക. നീരും വേദനയും മാറും.

കരിംകുറിഞ്ഞി ഇല കാടിയില്‍ അരച്ച് ഇന്തുപ്പും കൂട്ടി കുഴച്ച് ആവണക്കെണ്ണയില്‍ ചാലിച്ച്  വാതം കൊണ്ട് നീരുവന്ന് ഭാഗത്ത് തേയ്ക്കുക. നീര് വലിയും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.