കൊലക്കത്തിയെടുത്ത് സിപിഎം; നിലവിളിയൊടുങ്ങാതെ ത്രിപുര

Friday 26 January 2018 2:43 am IST
പോളിംഗ് കഴിഞ്ഞാല്‍ ദിവസങ്ങളോളം സംസ്ഥാനം സിപിഎം ക്രിമിനലുകളുടെ പിടിയിലാകും. 2013ല്‍ വോട്ടെടുപ്പിന് പിന്നാലെ നാല് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കള്ളവോട്ടും ബൂത്ത് പിടുത്തവുമാണ് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പിലെ ശക്തി. തെരഞ്ഞെടുപ്പിന് കൂടുതല്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും, സംസ്ഥാനത്തിന് പുറത്തുള്ളവരെ നിരീക്ഷകരായി നിയമിച്ച് കള്ളവോട്ട് തടയണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

റോഡരികില്‍ മുള്ളുവേലിയാല്‍ ചുറ്റപ്പെട്ട ആ ചെറിയ വീടിനെ ഭയം പൊതിഞ്ഞുനിന്നിരുന്നു. ഒന്നും സംസാരിക്കാനില്ലെന്ന് ആദ്യമേ സൂചിപ്പിച്ച് ബലിദാനി നിഷികാന്ത് ചക്മയുടെ ഭാര്യ കലാബി ചക്മ ഒഴിവായി. സഹോദരന്‍ കലാസന്‍ ചക്മയാണ് രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന് ഇപ്പോള്‍ ആശ്രയം. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയമേല്‍പ്പിച്ച ആഘാതം അദ്ദേഹം വിവരിക്കുമ്പോള്‍, ആരെങ്കിലും വരുമോയെന്ന ആശങ്കയിലായിരുന്നു കലാബി. ഇടക്കിടെ പുറത്തിറങ്ങി അവര്‍ റോഡിലേക്ക് നോക്കിക്കൊണ്ടിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് നിഷികാന്തിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്. മാസങ്ങള്‍ പിന്നിട്ടിട്ടും ഭീഷണിയിലാണ് കുടുംബം.

 ഭയം വിതച്ചാണ് സിപിഎം ത്രിപുരയില്‍ വിളവെടുത്തത്. ഭരണം നിലനിര്‍ത്തുന്നതിലെ പ്രധാന ആയുധവും ഭയമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഏഴ് ബിജെപി പ്രവര്‍ത്തകരെ 'കിം ജോംഗ് ഉന്നിന്റെ ആരാധകര്‍' കൊന്നൊടുക്കി. കോണ്‍ഗ്രസ്സുകാരായിരുന്നു സിപിഎം കൊലക്കത്തിയുടെ ആദ്യത്തെ ഇരകള്‍. മണിക് സര്‍ക്കാരിന്റെ ഇരുപത് വര്‍ഷത്തെ ഭരണത്തില്‍ ഒരു എംഎല്‍എ ഉള്‍പ്പെടെ മൂവായിരത്തിലേറെ പ്രവര്‍ത്തകരെ സിപിഎം കൊലപ്പെടുത്തിയതായി കോണ്‍ഗ്രസ് വക്താവ് തപസ് ദേ 'ജന്മഭൂമി'യോട് പറഞ്ഞു. കോണ്‍ഗ്രസ് അപ്രസക്തമാവുകയും ബിജെപി മുന്നേറ്റമുണ്ടാക്കുകയും ചെയ്തതോടെ കൊലക്കത്തി ബിജെപിക്കെതിരെ തിരിച്ചു. ഒക്ടോബറില്‍ പശ്ചിമ ത്രിപുരയിലെ കമലാ സാഗറില്‍ ബാബുല്‍ ദേബ്‌നാഥും, ഈ മാസമാദ്യം കാഞ്ചന്‍പൂരില്‍ സുനില്‍ ദേബും കൊല്ലപ്പെട്ടു. ദക്ഷിണ ത്രിപുരയിലെ അമൂല്യ മലാകാറാണ് ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍.  

''പാര്‍ട്ടിക്കാണ് ത്രിപുരയിലെ ഭരണം. സിപിഎമ്മിന് സ്വാധീനമുള്ള കേരളത്തിലും ബംഗാളിലും ത്രിപുരയിലുമാണ് രാഷ്ട്രീയ കൊലപാതകങ്ങളുണ്ടാകുന്നത്. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളില്‍ സിപിഎം ഉള്‍പ്പെടെ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമാധാനപരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്. കേരളത്തിലെ മാര്‍ക്‌സിസ്റ്റ്-ജിഹാദി ഭീകരത രാജ്യമൊട്ടാകെ ചര്‍ച്ചയാണ്. എന്നാല്‍ ത്രിപുരയിലെ യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയില്ല. വിഷയം സമൂഹത്തിന് മുന്നിലെത്തിക്കും''. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബ് പറഞ്ഞു. 

പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുന്നവരാണ് പ്രധാനമായും സിപിഎമ്മിന്റെ ലക്ഷ്യം. കൂടുതലാളുകള്‍ കൊഴിഞ്ഞുപോകുന്നത് ഭയപ്പെടുത്തി തടയുകയാണ് തന്ത്രം. ഒരു കൊലപാതകവും പോലീസ് കാര്യമായി അന്വേഷിക്കാറില്ല. കേരളത്തിലേതുപോലെ പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നവരെ പ്രതികളാക്കും. കേസ് ദുര്‍ബ്ബലമാകുന്നതോടെ ഇവരും രക്ഷപ്പെടും. സിപിഎമ്മിന്റെ അക്രമത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുന്നുണ്ട് ബിജെപി. തെരഞ്ഞെടുപ്പില്‍ പ്രധാന പ്രചാരണായുധമാക്കാനും സാധിച്ചിട്ടുണ്ട്. ക്രമസമാധാന തകര്‍ച്ചയില്‍ അടുത്തിടെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരെ  ഗവര്‍ണര്‍ വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വീണ്ടും വിളിപ്പിച്ചു. എന്നാല്‍ ഇവരെ മുഖ്യമന്ത്രി വിലക്കി. മറച്ചുവയ്ക്കാനുള്ളതിനാലാണ് മണിക് സര്‍ക്കാര്‍ കൂടിക്കാഴ്ച തടഞ്ഞതെന്ന് ബിജെപി ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഉദ്യോഗസ്ഥര്‍ സത്യം വെളിപ്പെടുത്തുമെന്ന് സിപിഎം ഭയക്കുന്നു. 

പോളിങ് കഴിഞ്ഞാല്‍ ദിവസങ്ങളോളം സംസ്ഥാനം സിപിഎം ക്രിമിനലുകളുടെ പിടിയിലാകും. 2013ല്‍ വോട്ടെടുപ്പിന് പിന്നാലെ നാല് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റതായും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കള്ളവോട്ടും ബൂത്ത് പിടുത്തവുമാണ് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പിലെ ശക്തി. തെരഞ്ഞെടുപ്പിന് കൂടുതല്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും സംസ്ഥാനത്തിന് പുറത്തുള്ളവരെ നിരീക്ഷകരായി നിയമിച്ച് കള്ളവോട്ട് തടയണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. 

അവസാനിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.